ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിനെതിരെ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഒന്നാം സ്ഥാനം. ഇന്ത്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഓസ്‌ട്രേലിയ ഈ നേട്ടം കൈവരിച്ചത്. കിവീസ് നായകന്‍ ബ്രെന്‍ഡം മക്കല്ലത്തിന്റെ വിടവാങ്ങല്‍ എന്ന നിലയില്‍ ലോകശ്രദ്ധ ആകര്‍ഷിച്ച മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡിനെ തകര്‍ത്തത്.
ഇതോടെ 110 പോയന്റുമായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. ഐസിസി റാങ്കിംഗില്‍ ഓസീസ് ഒന്നാം സ്ഥാനത്തെത്തിത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. ഒന്നാം റാങ്കിനൊപ്പം പ്രൈസ് മണി ഇനത്തില്‍ ടീം ഇന്ത്യയ്ക്ക് ഏകദേശം 3.43 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുക. ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ടീമിന് വര്‍ഷാവസാനം കിട്ടുക 1 മില്യണ്‍ യു എസ് ഡോളറാണ്. രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നാല്‍ ഇത് പകുതിയായി കുറയും. ഏപ്രില്‍ ഒന്നോടു കൂടി പുതിയ ക്രിക്കറ്റ് വര്‍ഷം നിലവില്‍ വരും. ഇനി ഒന്നാം റാങ്ക് തിരിച്ചുപിടിക്കണമെങ്കില്‍ ഇന്ത്യയ്ക്ക് കഠിന പ്രയത്‌നം നടത്തണം. കാരണം സമീപകാലത്തൊന്നും ടെസ്റ്റ് കളിക്കാന് ടീം ഇന്ത്യയ്ക്ക് അവസരമില്ല.