ഏക സിവില്‍ കോഡ് പൂര്‍ണ്ണമായി എതിര്‍ക്കേണ്ട ആശയമല്ല; മുസ്ലിം വ്യക്തിനിയമത്തില്‍ സ്ത്രീ വിരുദ്ധ നിലപാടുകളുണ്ട്; പര്‍ദ്ധ ഇസ്ലാമിക വേഷമല്ല; മൗദൂദിയുടെ നിലപാട് ജമാഅത്ത് പിന്‍പറ്റേണ്ടതില്ലെന്നും ഒ അബ്ദുറഹ്മാന്‍

കോഴിക്കോട്: ഏകസിവില്‍ കോഡഡെന്ന ആശയത്തെ കണ്ണടച്ച് എതിര്‍ക്കാനില്ലെന്ന് ജമാഅത്തെ ഇസ്ലാമി സൈദ്ധാന്തികനും മാധ്യമം എഡിറ്ററുമായ ഒ അബ്ദുറഹ്മാന്‍. ഇന്ത്യയിലെ മുസ്ലിം വ്യക്തി നിയമത്തില്‍ സ്ത്രീവിരുദ്ധ നിലപാടുകളുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ സ്ത്രീക്കും പുരുഷനും ഒരേ പോലെ സ്വത്തവകാശം നല്‍കുന്നത് പരിഗണിക്കണം. മത കര്‍മ്മ ശാസ്ത്രത്തില്‍ മൌദൂദിയുടെ നിലപാട് ജമാഅത്ത് പിന്‍പറ്റേണ്ടതില്ലെന്നും അബ്ദുറഹ്മാന്‍ റിപ്പോര്‍ട്ടര്‍ ടിവി നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ബ്രിട്ടീഷുകാരുടെ കാലത്തുള്ള മുസ്ലിം വ്യക്തി നിയമത്തില്‍ സ്ത്രീ വിരുദ്ധമായ പല കാര്യങ്ങളുമുണ്ട്. ലിംഗ നീതി ഉറപ്പാക്കി ഇത് പരിഷ്‌കരിക്കാന്‍ മുസ്ലിം വ്യക്തിനിയമബോര്‍ഡ് ഒന്നും ചെയ്യുന്നില്ലെന്നും ഒ അബ്ദുറഹ്മാന്‍ ആരോപിച്ചു. ഏക സിവില്‍കോഡെന്ന ആശയത്തെ പൂര്‍ണ്ണമായി എതിര്‍ക്കേണ്ടതില്ല. സ്ത്രീക്ക് സ്വത്തവകാശമില്ലാതിരുന്ന കാലത്താണ് ഇസ്ലാം സ്വത്തിന്റെ പകുതി നല്‍കി പരിഷ്‌കാരത്തിന് തുടക്കം കുറിച്ചത്. സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വം പരിഗണിച്ച് പുരുഷന് തുല്യമാക്കുന്നത് പരിഗണിക്കണമെന്നാണ് തന്റെ നിലപാട്. പര്‍ദ്ധ ഇസ്ലാമിക വേഷമല്ലെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു. അദേഹത്തിന്റെ നിലപാടിനോട് ഇതര മുസ്ലിം സംഘടനകളുടെ പ്രതികരണം നിര്‍ണ്ണായകമായിരിക്കും.

© 2024 Live Kerala News. All Rights Reserved.