കശ്മീരിലെ പാംപോറില്‍ ക്യാമ്പ് ചെയ്ത മൂന്ന് ഭീകരരെ സൈന്യം വധിച്ചു; ഭീകരര്‍ ലഷ്‌കറെ തോയ്ബയെന്ന് സംശയം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോറില്‍ ക്യാമ്പ് ചെയ്ത മൂന്ന് ഭീകരരെ സൈനികര്‍ വധിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമായ ലഷ്‌കറെ തോയ്ബയാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയം.രണ്ടു ദിവസത്തോളം നീണ്ട വെടിവയ്പില്‍ രണ്ടു ക്യാപ്റ്റന്‍മാരെയും ഒരു ലാന്‍സ് നായിക്കിനെയും കരസേനയുടെ പാരാ സ്‌പെഷല്‍ കമാന്‍ഡോ വിഭാഗത്തിനു നഷ്ടമായിരിക്കുന്നത്. വെടിവയ്പിനിടെ ഒരു സാധാരണക്കാരന്റെയും ജീവനും പോയി. ശനിയാഴ്ച സിആര്‍പിഎഫ് വാഹനവ്യൂഹം ആക്രമിച്ച് രണ്ടു ജവാന്മാരെ കൊലപ്പെടുത്തിയ ഭീകരര്‍ പാംപോറിലെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട കെട്ടിടത്തില്‍ കടന്നുകയറുകയായിരുന്നു. അവിടെ കുടുങ്ങിപ്പോയ നൂറോളം ജീവനക്കാരെ പുറത്തെത്തിക്കാന്‍ സൈന്യത്തിനു കഴിഞ്ഞു. അമ്പതോളം മുറികളുള്ള കെട്ടിടത്തില്‍ ഒളിച്ചിരുന്നു വെടിയുതിര്‍ത്ത ഭീകരരെ ഇല്ലാതാക്കുക അതീവ ശ്രമകരമായ വെല്ലുവിളിയായിരുന്നു. ശനിയാഴ്ച രാവിലെയാണു കമാന്‍ഡോ സംഘത്തെ നയിച്ച ക്യാപ്റ്റന്‍ പവന്‍ കുമാറിനു വെടിയേറ്റത്. പവന്‍കുമാര്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു. ഉച്ചയ്ക്കു ശേഷം വെടിയേറ്റ ക്യാപ്റ്റന്‍ തുഷാര്‍ മഹാജന്‍, ലാന്‍സ് നായിക് ഓംപ്രകാശ് എന്നിവരെയും രക്ഷിക്കാനായില്ല. കൂടുതല്‍ ആള്‍നാശം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ, തിടുക്കം ഒഴിവാക്കിയുള്ള പോരാട്ടതന്ത്രമാണ് പിന്നീട് സൈന്യം സ്വീകരിച്ചത്. ശക്തമായ പ്രത്യാക്രമണത്തില്‍ കെട്ടിടത്തിന്റെ മുകള്‍നിലകള്‍ക്ക് ഞായറാഴ്ച വൈകുന്നേരം തീപിടിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.