കോഴിക്കോട്: സോളാര്‍, ബാര്‍കോഴ കേസുകളില്‍ കുരുങ്ങി പ്രതിസന്ധിയിലായ യുഡിഎഫില്‍ പരമാവധി 35 സീറ്റുകള്‍ ആവശ്യപ്പെട്ട് സമ്മര്‍ദ്ധം ഉപയോഗിക്കാന്‍ മുസ്ലിംലീഗ് തന്ത്രങ്ങള്‍ മെനയുന്നു. തെരഞ്ഞെടുപ്പു മുന്നൊരുക്കത്തിനായി ഇന്നു മലപ്പുറത്ത് ചേരുന്ന സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. അണികളുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് കൂടുതല്‍ സീറ്റ് ചോദിക്കാന്‍ ലീഗ് തയാറാകുന്നത്. 24 സീറ്റില്‍ തന്നെ മത്സരിച്ചാല്‍ മതിയെന്നായിരുന്നു തുടക്കത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇതിനെതിരെ പാര്‍ട്ടിയില്‍ കടുത്ത പ്രതിഷേധം ഉടലെടുത്ത സാഹചര്യത്തിലാണു കൂടുതല്‍ സീറ്റുകള്‍ ചോദിക്കണമെന്ന നിലപാടിലേക്കു സംസ്ഥാനനേതൃത്വവും എത്തിയത്. സ്ഥാനാര്‍ഥിനിര്‍ണയത്തിന്റെ പ്രാഥമിക ചര്‍ച്ചകളും ഇന്നത്തെ യോഗത്തിലുണ്ടാവും. തിരുവമ്പാടി ഉള്‍പ്പെടെ ലീഗിന്റെ കൈവശമുള്ള സീറ്റുകള്‍ക്കായി കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും. കഴിഞ്ഞതവണ 24 സീറ്റിലാണു ലീഗ് മത്സരിച്ചത്. ഇതില്‍ ഇരുപതിടത്തു ജയിച്ചാണു സംസ്ഥാനത്തെ മൂന്നാമത്തെ കക്ഷിയായി ലീഗ് മാറിയത്. നേരിയ വോട്ടിന്റെ വ്യത്യാസത്തിലാണു കഴിഞ്ഞതവണ നാലു മണ്ഡലങ്ങള്‍ നഷ്ടമായത്.
മലബാറിലും തെക്കന്‍ ജില്ലകളിലും ഇത്തവണ കൂടുതല്‍ സീറ്റ് വേണമെന്ന നിലപാടിലാണ് ജില്ലാ നേതൃത്വവും അണികളും. ഈ സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ വണ്ടൂര്‍, കോഴിക്കോട്ടെ ബേപ്പൂര്‍, വയനാട് ജില്ലയിലെ കല്‍പ്പറ്റ എന്നീ സീറ്റുകള്‍ ആവശ്യപ്പെടുന്നതിനൊപ്പം തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ സീറ്റ് വേണമെന്നും പാര്‍ട്ടി ആവശ്യപ്പെടും. എന്നാല്‍ മധ്യകേരളത്തിലും തിരുവിതാംകൂറിലും പാര്‍ട്ടി ശക്തിപ്രാപിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പതിറ്റാണ്ടുകള്‍ക്കു മുമ്പ് തിരുവനന്തപുരം വെസ്റ്റ് ലീഗിന്റെ മണ്ഡലമായിരുന്നു. ഒരു തവണ ഇവിടെ ലീഗിന്റെ ഡമ്മി സ്ഥാനാര്‍ഥി പോലും ജയിച്ചു. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന കേരളയാത്രയിലൂടെ പാര്‍ട്ടിയുടെ സ്വാധീനം യു.ഡി.എഫ് നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ ലീഗിന് സാധിച്ചിട്ടുണ്ട്. മലബാറിനു പുറത്തു പാര്‍ട്ടി വളരണമെങ്കില്‍ ഈ മേഖലകളില്‍ തെരഞ്ഞെടുപ്പില്‍ സാന്നിധ്യം അറിയിക്കണമെന്ന അഭിപ്രായവും ലീഗില്‍ ശക്തമാണ്. ഇത്തരം സീറ്റുകള്‍ ലഭിക്കുന്നതിലൂടെ യുവനേതാക്കള്‍ക്കും പോഷകസംഘടനകള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കാമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. തെക്കന്‍ കേരളത്തിലെ സീറ്റുകളില്‍ മലബാറിലെ നേതാക്കളെ മത്സരിപ്പിക്കുന്നതിനു പകരം ഈ മേഖലയിലെ നേതാക്കളെ തന്നെ നിര്‍ത്താനാണ് ആലോചന. നിലവില്‍ സിറ്റിംഗ് എംഎല്‍എമരെല്ലാം തന്നെ മത്സരിക്കണമെന്നാണ് പാണക്കാട് തങ്ങളുടെ നിലപാടെന്നാണ് അറിയുന്നത്.