ബീപ് ഗാനം വിവാദത്തില്‍; തമിഴ് നടന്‍ ചിമ്പു പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി

കോയമ്പത്തൂര്‍: ബീപ് ഗാനം വിവാദവുമായി ബന്ധപ്പെട്ട് തമിഴ് നടന്‍ ചിമ്പു കോയമ്പത്തൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി. ചിമ്പു അഭിനയിച്ച സിനിമകളിലും അല്ലാതെയുമായി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. എന്നാല്‍ താരം സ്വകാര്യമായി സൂക്ഷിക്കാന്‍ സംഗീത സംവിധായകന്‍ അനിരുദ്ധുമായി ചേര്‍ന്ന് റെക്കോര്‍ഡ് ചെയ്ത ഗാനമാണ് ബീപ് ഗാനം. അനുമതിയില്ലാതെ ആരോ ഇത് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതോടെ വിവാദങ്ങള്‍ ആരംഭിക്കുകയായിരുന്നു. സ്ത്രീകളെ അപമാനിക്കുന്ന പദപ്രയോഗങ്ങള്‍ ഗാനത്തിലുണ്ടെന്ന് ആരോപിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ചിമ്പുവിന്റെയും അനിരുദ്ധിന്റെയും പേരില്‍ പരാതി കൊടുത്തു. എത്രയും പെട്ടെന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ചിമ്പുവിന് നോട്ടിസ് അയച്ചിരുന്നു. താരത്തിനെ ഇന്നു തന്നെ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കി. ബീപ് ഗാനം വിവാദത്തില്‍ പത്തോളം കേസുകളാണ് താരത്തിന്റെ പേരിലുള്ളത്. എന്നാല്‍ താന്‍ നിരപരാധിയാണെന്നും അനുമതിയില്ലാതെ വേറെ ആരോ ആണ് ഗാനം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതെന്നും ചിമ്പു നേരത്തെ പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.