കൊച്ചി:ഇന്ത്യ ജീവിക്കുമ്പോള്‍ നമ്മള്‍ മരിക്കുന്നതെങ്ങിനെ?ഇന്ത്യ മരിച്ചിട്ട് നമ്മള്‍ ജീവിച്ചിട്ട് എന്ത് കാര്യം എന്നാണ് നടന്‍ മോഹന്‍ലാല്‍ ബ്ലോഗിലൂടെ ചോദിക്കുന്നത്.
ജ.എന്‍.യു വിദ്യാര്‍ത്ഥികളുടെ നിലപാടിനെ ശക്തമായി വിമര്‍ശിക്കുന്നതാണ് മോഹന്‍ലാലിന്റെ ബ്ലോഗ്. സിയാച്ചിനിലെ ജീവന്‍ നിലനില്‍ക്കാത്ത ഉയരങ്ങളില്‍ സൈനികര്‍ രാജ്യത്തിന് കാവല്‍ നില്‍ക്കുമ്പോള്‍ നാം എന്താണ് രാജ്യസ്‌നേഹം എന്നതിനെ കുറിച്ച് വൃത്തികെട്ട രീതിയില്‍ തല്ലുകൂടുകയാണെന്ന് മോഹന്‍ലാല്‍ വിമര്‍ശിക്കുന്നു. മകരമാസത്തില്‍ മഞ്ഞിറങ്ങിയാല്‍ പത്ത് മണിവരെ കമ്പിളിയില്‍ സസുഖം കിടന്നുറങ്ങുന്നവരാണ് നമ്മള്‍. പല്ലുതേക്കാന്‍ മുതല്‍ കുളിക്കാന്‍ വരെ ചൂടുവെള്ളം ഉണ്ട്. അതിനുശേഷമാണ് നാം സര്‍വ്വകലാശാലകളിലും ഓഫിസുകളിലും പൊതുസ്ഥലത്തും എത്തുന്നത്. എന്നിട്ടാണ് ചര്‍ച്ചകള്‍ നടത്തുന്നത് സമരങ്ങള്‍ സംഘടിപ്പിക്കുന്നത്,
കല്ലെറിയുന്നത് പട്ടാളത്തെ തെറി പറയുന്നത്, അവരെ സംശയിക്കുന്നത്. രാജ്യ ദ്രോഹികളെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ആളുകളായി ചിത്രീകരിക്കുന്നത്. മോഹന്‍ലാല്‍ പറയുന്നു. രാത്രി തണുപ്പിനെ മറികടക്കാന്‍ നമുക്ക് ഫയര്‍സൈഡോ, വിസ്‌കിയോ വേണം. അവിടെയിരുന്നു നാം ഘോരഘോരം ചര്‍ച്ച ചെയ്യും എന്നിട്ട് വയറുനിറച്ചുണ്ട് വീണ്ടും കമ്പിളി വലിച്ചിട്ട് മതിമറന്ന് ഉറങ്ങും. എന്നാല്‍ അപ്പോഴെല്ലാം അങ്ങ് മുകളില്‍ സ്വന്തം ഉടല്‍ മൂടിപ്പൊതിഞ്ഞ്, കൃത്യമായി ഭക്ഷണം കഴിക്കാനോ, നിത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലും സാധിക്കാതെ ഭ്രാന്ത് പിടിപ്പിക്കുന്ന ഏകാന്തതയില്‍ ഹനുമന്തപ്പമാരും സുധീഷ്മാരും ഏകാഗ്രരായി നില്‍ക്കുന്നുണ്ട്. ഒരോ ദിവസങ്ങളിലും മരവിപ്പിന്റെ മലമുടികളിറങ്ങിവരുന്ന അവരുടെ മൃതദേഹത്തില്‍ ചവിട്ടി നിന്നുകൊണ്ടാണ് നാം സ്വാതന്ത്രത്തിന്റേയും ആവിഷ്‌കാര സ്വാതന്ത്ര്യ ചര്‍ച്ചകളുടേയും നൃത്തമാടുന്നത്. ഈ മഹാപാപത്തിന് കാലം മാപ്പുതരുമോ? ലാല്‍ ചോദിക്കുന്നു. രാജ്യസ്‌നേഹമില്ലാത്തവരാണ് ജെഎന്‍യു വില്‍ സമരം ചെയ്യുന്നതെന്ന സംഘ്പരിവാര്‍ നിലപാടില്‍ നിന്ന് അണുവിട ചലിക്കാതെയാണ് മലയാളത്തിന്റെ പ്രിയനടനും പ്രതികരിച്ചിരിക്കുന്നത്.