ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഒളിവിലായിരുന്ന വിദ്യാര്‍ത്ഥികള്‍ ജെഎന്‍യു ക്യാമ്പസില്‍ തിരിച്ചെത്തി. ഉമര്‍ ഖാലിദ്, ഡിഎസ്‌യു മുന്‍നേതാവ് അനിര്‍ബന്‍ ഭട്ടാചാര്യ, വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റും ഐസ നേതാവുമായ അശുതോഷ്, നിലവിലെ വിദ്യാര്‍ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി രാമനാഗ, മുന്‍ വൈസ് പ്രസിഡന്റ് ആനന്ദ് പ്രകാശ് നാരായണ്‍ എന്നിവരാണ് ഇന്നലെ രാത്രി ജെഎന്‍യു ക്യാമ്പസിലെത്തിയത്.
500 ഓളം വരുന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും ഇവര്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു.തീവ്രവാദവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും, ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ലെന്നും നുണക്കഥകളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും ഇവര്‍ വ്യക്തമാക്കി. അതേസമയം പൊലീസിന് ക്യാമ്പസിനുള്ളില്‍ കയറാന്‍ വൈസ് ചാന്‍സിലര്‍ അനുമതി നല്‍കിയില്ല.ക്യാമ്പസിനു പുറത്ത് വന്‍ പൊലീസ് സന്നാഹമാണ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യുവാനായി തയ്യാറാക്കി നിര്‍ത്തിയിരുന്നത്. ക്യാമ്പസിനുള്ളില്‍ കയറാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പുലര്‍ച്ചയോടെ പൊലീസ് തിരിച്ചുപോയി. കഴിഞ്ഞ ദിവസമാണ് ഡല്‍ഹി പൊലീസ് ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതും.അതേസമയം ഇന്നുരാവിലെ പൊലീസ് ഉദ്യോഗസ്ഥരുമായി വൈസ് ചാന്‍സിലര്‍ നടത്തുന്ന ചര്‍ച്ചയ്ക്കുശേഷം വിദ്യാര്‍ത്ഥികള്‍ കീഴടങ്ങുമോ, ഇല്ലയോ എന്ന കാര്യം വ്യക്തമാക്കും.തന്റെ പേരുപറഞ്ഞുകൊണ്ട് ഞാന്‍ തീവ്രവാദിയല്ല എന്നു പറഞ്ഞ് സംസാരം തുടങ്ങിയ ഉമര്‍ ഖാലിദ് ക്യാമ്പസ് കാലയളവില്‍ താനൊരു മതവിശ്വാസിയാണെന്ന് തോന്നിയിട്ടില്ലെന്നും, എന്നാല്‍ ഇപ്പോള്‍ മുസ്ലീം, ഭീകരവാദി, ജെയ്‌ഷെ മുഹമ്മദ് അംഗം എന്നിങ്ങനെയുളള നുണക്കഥകളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും പറഞ്ഞു. എന്റെതെന്ന് കാണിച്ച രണ്ടു മൊബൈല്‍ നമ്പരുകളും തന്റെതല്ല.തങ്ങള്‍ക്കെതിരെ സമന്‍സ് ഇല്ലെന്നും, നിയമപരമായ നടപടികള്‍ നേരിടാന്‍ തയ്യാറാണെന്നും അശുതോഷ് അറിയിച്ചു. തിരികെ ക്യാമ്പസിലേക്ക് എത്തിയത് വ്യക്തിപരമായ തീരുമാനമാണെന്നും, കൂട്ടായി കൈക്കൊണ്ടതല്ലെന്നും അശുതോഷ് പറഞ്ഞു.