പാലക്കാട്: കളക്ട്രേറ്റിന് മുന്നില്‍ വ്യത്യസ്ഥ സമരമാണ് അരങ്ങേറിയത്. വര്‍ഷങ്ങളായി ജോലി ചെയ്യുന്ന താല്‍ക്കാലിക കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മലബാര്‍സിമന്റ്‌സില്‍ നടക്കുന്ന സമരം രണ്ടുമാസം പിന്നിട്ടിട്ടും നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ കളക്ടറേറ്റിന് മുന്നില്‍ പൊങ്കാലയിട്ടത്. ഏകദേശം മുന്നൂറോളം കരാര്‍ തൊഴിലാളികളാണ് മലബാര്‍ സിമന്റ്‌സില്‍ കരാര്‍ വ്യവസ്ഥയില് ജോലി ചെയ്യുന്നത്. കമ്പനിയിയില്‍ ഒഴിവുള്ള മസ്ദൂര്‍,ഖലാസി തുടങ്ങിയ തസ്തികകളിലേയ്ക്ക് ഇവരെ പരിഗണിയ്ക്കാതെ പുറത്തുനിന്നും അപേക്ഷ ക്ഷണിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
മാനേജ്‌മെന്റിന്റെ മനുഷ്യത്വരഹിതമായ നടപടിയില്‍ പ്രതിഷേധിച്ച് നാളുകളായി തൊഴിലാളികള്‍ റിലേ സത്യാഗ്രഹം നടത്തുന്നുണ്ടെങ്കിലും നിലവില്‍ ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും അധികൃതര്‍ തയ്യാറായിട്ടില്ല. തങ്ങളെ മനുഷ്യനായി പോലും മാനേജ്‌മെന്റ് പരിഗണിയ്ക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. സമരത്തിന്റെ ഭാഗമായി നടന്ന പൊതുയോഗം സിഐടിയു ജില്ലാ സെക്രട്ടറി വി കെ ശശി ഉദ്ഘാടനം ചെയ്തു.വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്കാണ് തൊഴിലാളികളുടെ നീക്കം.