റായ്പൂര്‍: ഒരു ആദിവാസിയോട് ചെയ്യാവുന്നതിലും ഏറ്റവും വലിയ ക്രൂരതയാണിത്. ആം ആദ്മി പാര്‍ട്ടി നേതാവും പ്രമുഖ ആദിവാസി പ്രവര്‍ത്തകയുമായ സോണി സൂരിക്ക് നേരെയാണ് ആസിഡുമായി സാമ്യമുള്ള ദ്രാവകമുപയോഗിച്ച് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി ഛത്തീസ്ഗഢിലെ ദന്തേവാഡയിലാണ് സംഭവം. മൂന്ന് പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. ജഗദല്‍പൂരില്‍ നിന്നും ഗീദത്തിലേക്ക് രണ്ട് സഹപ്രവര്‍ത്തകരുമായി ബൈക്കില്‍ പോകുമ്പോഴാണ് ആക്രമണമുണ്ടായത്. മൂന്ന് പേരടങ്ങുന്ന ഒരു സംഘം ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് മുഖത്തേക്ക് ആസിഡിന് സമാനമായ ദ്രാവകം ഒഴിക്കുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു. സോണി സൂരി ജഗദല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.