പി ജയരാജന്‍ ആരോഗ്യനില പൂര്‍ണ്ണ തൃപ്തികരമെന്ന് മെഡിക്കല്‍ ബോര്‍ഡ്; ജയരാജനെ കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിവിധി കാത്ത് സിബിഐ

കോഴിക്കോട്: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ പ്രതി ചേര്‍ത്ത സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ആരോഗ്യനില പൂര്‍ണ്ണ തൃപ്തികരമെന്ന് മെഡിക്കല്‍ ബോര്‍ഡ്. അഞ്ചംഗ മെഡിക്കല്‍ സംഘമാണ് ജയരാജനെ പരിശോധിച്ചത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തലശേരി കോടതിയില്‍ സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന് കൈമാറിയിട്ടുണ്ട്. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് ജയരാജന്‍.കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് തലശേരി സെഷന്‍സ് കോടതിയില്‍ പി. ജയരാജന്‍ കീഴടങ്ങിയത്. തുടര്‍ന്ന് യുഎപിഎ ചുമത്തി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍കുമാര്‍ മാര്‍ച്ച് 11വരെ ജയരാജനെ റിമാന്‍ഡ് ചെയ്‌തെങ്കിലും വിദഗ്ധ ചികില്‍സ ആവശ്യമാണെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിന്നീടു പരിയാരം മെഡിക്കല്‍ കോളജ് ഹൃദയാലയയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാല്‍, റിമാന്‍ഡ് പ്രതിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സിക്കണമെന്നാണ് നിയമം. അടിയന്തരസാഹചര്യങ്ങളില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാലും 24 മണിക്കൂറില്‍ കൂടുതല്‍ തുടരരുതെന്നാണു ചട്ടമുള്ളതിനാലാണു ജയരാജനെ ഗവ. മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്. ജയരാജനു പരിയാരത്ത് ചികില്‍സയൊരുക്കാന്‍ സഹായിച്ചുവെന്ന പേരില്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനും ജയരാജനെ ചികില്‍സിച്ച ഡോക്ടര്‍ക്കും ആര്‍എസ്എസിന്റെ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണു ആശുപത്രിമാറ്റത്തിനായി പൊലീസ് നിര്‍ബന്ധം പിടിച്ചത്. പരിയാരത്തിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും ജയരാജന്റെ നില തൃപ്തികരമെന്ന് വ്യക്തമാക്കിയതോടെ കസ്റ്റഡിയില്‍ കിട്ടാനുള്ള കോടതി വിധിക്കായി കാത്തിരിക്കുകയാണ് സിബിഐ.

© 2024 Live Kerala News. All Rights Reserved.