അഭിമാനം വാനോളം; കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനം ഇന്ന്; ആറര ചതുരശ്ര അടിയിലുള്ള ഐടി ടവര്‍

കൊച്ചി: യുഡിഎഫ് സര്‍ക്കാറിന്റെ അഭിമാനപദ്ധതിയായ സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനം ഇന്ന്. കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ആദ്യകെട്ടിടം ഇന്ന് നാടിന് സമര്‍പ്പിക്കും. കാക്കനാട്ട് 246 ഏക്കര്‍ വരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്ത് ഒന്നാം ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ആറരലക്ഷം ചതുരശ്രയടിയിലുള്ള ഐ.ടി. ടവറാണ് ഉദ്ഘാടനം ചെയ്യുന്നത്. സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട നിര്‍മാണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. രാവിലെ 11ന് കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.എ.ഇ കാബിനറ്റ് കാര്യ മന്ത്രിയും ദുബൈ ഹോള്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, ദുബൈ ഹോള്‍ഡിങ് വൈസ് ചെയര്‍മാനും എം.ഡിയുമായ അഹമ്മദ് ബിന്‍ ബ്യാത്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവ് എം.എ. യൂസുഫലി തുടങ്ങിയവരും ദുബൈ സര്‍ക്കാര്‍ പ്രതിനിധികളും പങ്കാളികളാകും. ആദ്യ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനൊപ്പം സ്മാര്‍ട്ട് സിറ്റിയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ന് തുടക്കമാകും. മൂന്ന് ഘട്ടങ്ങളായി നിര്‍മിക്കുന്ന പദ്ധതി 2020ല്‍ പൂര്‍ത്തീകരിക്കുമെന്ന് സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്‍മാന്‍ ജാബര്‍ ബിന്‍ ഹഫീസ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഐ.ടി. വികസനം ലക്ഷ്യമാക്കിയുള്ള രണ്ടാം ഘട്ടവും മൊബിലിറ്റി ഹബുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ എന്നിങ്ങനെ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിടുന്ന മൂന്നാംഘട്ടവുമാണ് വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുക. ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമാകുന്ന 27 കമ്പനികളുടെ വിശദാംശങ്ങള്‍ ഉദ്ഘാടനചടങ്ങില്‍ പ്രഖ്യാപിക്കും. കേരളത്തിന്റെ അഭിമാന പദ്ധതി സാങ്കേതികമായ കുരുക്കുകളെ മറികടന്നാണ് യാഥാര്‍ഥ്യമാകുന്നത്.

© 2024 Live Kerala News. All Rights Reserved.