എന്റെ മകന്‍ കൊല്ലപ്പെട്ടാല്‍ ആര് സമാധാനം പറയും; അവന്റെ ജീവന് ഭീഷണിയുള്ളതായി കനയ്യകുമാറിന്റെ മാതാവ്

ന്യൂഡല്‍ഹി: തിഹാര്‍ ജയിലിലെ കസ്റ്റഡിയിലുള്ള എന്റെ മകന്‍ മരിച്ചാല്‍ ആര് സമാധാനം പറയുമെന്ന് കനയ്യ കുമാറിന്റെ മാതാവ് മീനാദേവി. കഴിഞ്ഞ ദിവസം പട്യാല ഹൗസ് കോടതിയില്‍ കനയ്യ കുമാറിന് നേരെ അക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മീനാദേവി ഈ ചോദ്യം ഉന്നയിച്ചത്.

‘ ഞാന്‍ ഒരു ഭീകരവാദിയുടെ അമ്മയല്ല. എനിക്കുറപ്പുണ്ട് ഒരിക്കല്‍ സത്യം പുറത്തുവരുമെന്ന്.പക്ഷെ അതുവരെ അവനെ ജയിലിലടച്ചാല്‍, അതിനിടയ്ക്ക് കസ്റ്റഡിയില്‍ വെച്ച് എന്റെ മകന്‍ മരിച്ചാല്‍ ആര് അതിന് സമാധാനം പറയും? അവര്‍ക്ക് പറയാം കനയ്യ രാജ്യത്തിന് ഭീഷണിയാണെന്ന്, പക്ഷെ കനയ്ക്ക് നേരെയുള്ള ഭീഷണിയില്‍ നിന്ന് അവനെ സംരക്ഷിക്കാന്‍ അവര്‍ക്ക് കഴിയില്ലേ?’ മീനാ ദേവി ചോദിച്ചു.
‘കസ്റ്റഡിയിലിരിക്കുമ്പോള്‍ അവനു മരണം സംഭവിച്ചിട്ട് പിന്നീട് അവന്‍ നിരപരാധിയായിരുന്നു എന്നു തെളിഞ്ഞിട്ട് കാര്യമില്ലല്ലോ. പിന്നെ ഈ സര്‍ക്കാരിന് എനിക്കെന്റെ മകനെ തിരിച്ചുതരാന്‍ കഴിയുമോ? എന്റെ മകനെതിരെ പരാതി ലഭിച്ചപ്പോള്‍ പെട്ടെന്ന് തന്നെ അവര്‍ അവനെ അറസ്റ്റ് ചെയ്തു. പക്ഷെ അവന് നേരെ ആക്രമണം ഉണ്ടായിട്ട് ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്തില്ലല്ലോ’,മീനാ ദേവി കൂട്ടിച്ചേര്‍ത്തു. വസതിയില്‍ സുരക്ഷ ഏര്‍പ്പെടുത്താനുള്ള നീക്കം കനയ്യകുമാറിന്റെ പിതാവ് നിരസിച്ചു. തങ്ങള്‍ക്കൊപ്പം ഗ്രാമം മുഴുവനുണ്ട്, പൊലീസ് സംരക്ഷണം വേണെന്ന് പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.