നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇടത്തോട്; യുഡിഎഫ് തകര്‍ച്ച നേരിടും; ബിജെപി അക്കൗണ്ട് തുറക്കും; ഏഷ്യാനെറ്റ് ന്യൂസ് സീഫോര്‍ സര്‍വ്വേ ഫലം പുറത്ത്

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീഫോര്‍ സര്‍വ്വേ ഫലത്തില്‍ കേരളം ഇടത്തോട് ചായുമെന്ന് പ്രവചനം. സോളാര്‍ അഴിമതിയും ഗ്രൂപ്പുതര്‍ക്കവും യുഡിഎഫിന് തിരിച്ചടിയാകുമെന്ന് പ്രവചനം. അതേസമയം കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് സര്‍വ്വേ പറയുന്നു.
140 മണ്ഡലങ്ങളില്‍ ഇടതുമുന്നണി 77 മുതല്‍ 82 ശതമാനം വരെ സീറ്റുകളില്‍ ജയിക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. 41 ശതമാനം വരെ വോട്ടുകളാകും എല്‍ഡിഎഫ് നേടുക. യുഡിഎഫിന് ജയിക്കാന്‍ കഴിയുക 55 മുതല്‍ 60 വരെ സീറ്റുകളിലാകുമെന്നാണ് പ്രവചനം. 37 ശതമാനം വോട്ടര്‍മാരാണ് യുഡിഎഫിനെ പിന്തുണക്കുന്നത്. ബിജെപി മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകളില്‍ ജയിച്ച് ചരിത്രനേട്ടം കുറിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. 18 ശതമാനമാകും ബിജെപിയുടെ വോട്ടുവിഹിതം. മറ്റു പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ഒരു സീറ്റിലും ജയിക്കാനാകില്ലെന്നും നാല് ശതമാനം വോട്ടുനേടുമെന്നും ഏഷ്യാനെറ്റ് ന്യൂസ് സീഫോര്‍ സര്‍വ്വേ പ്രവചിക്കുന്നു.

udf-asinet-1

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം യുഡിഎഫിനെ പ്രതികൂലമായി ബാധിക്കുമെന്ന് 72 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. സരിതയുടെ ആരോപണങ്ങളില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കുള്ളതായി വിശ്വസിക്കുന്നുവെന്ന് 57 ശതമാനം പേരും അഭിപ്രായപ്പെട്ടു. ബാര്‍ കോഴ കേസില്‍ കെ.ബാബുവിനെ രക്ഷിക്കാന്‍ ഇരട്ടത്താപ്പ് കാണിചെന്ന് 49 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മദ്യനയം യു.ഡി.എഫിന് ഗുണം ചെയ്തുവെന്നായിരുന്നു 37 ശതമാനം പേരുടെ അഭിപ്രായങ്ങള്‍.

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനൊപ്പമാണ് കേരളം എന്നാണ് സര്‍വ്വേയുടെ പ്രവചനം. വി.എസ് മത്സരിക്കുന്നതിനെ ഭൂരിപക്ഷം പേരും അനുകൂലിച്ചു.എന്നാല്‍ പിണറായി വിജയനും വി.എസ് അച്യുതാനന്ദനും ഒന്നിച്ചു മത്സരിക്കുന്നതിനോട് സമ്മിശ്രപ്രതികരണമാണുള്ളത്. പിണറായിക്കെതിരായ ലാവ്‌ലിന്‍ കേസ് തെരഞ്ഞെടുപ്പില്‍ വിഷയമാകുമെന്ന് 56 ശതമാനം പേര്‍ പറയുന്നത്.ലാവ്‌ലിന്‍ കേസ് ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചെന്ന് 42 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

bjp-asianet

ബിജെപി അക്കൗണ്ട് തുറക്കുമെന്ന് അഭിപ്രായപ്പെടുന്നത് 53 ശതമാനം പേരാണ്. കുമ്മനം രാജശേഖരന്‍ അധ്യക്ഷനായത് ബിജെപിക്ക് ഗുണം ചെയ്‌തെന്നാണ് 54 ശതമാനം പേരുടെ അഭിപ്രായം.ഫെബ്രുവരി 1 മുതല്‍ 12 വരെയായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ സീഫോര്‍ സര്‍വ്വേ. 70 നിയമസഭാ മണ്ഡലങ്ങളില്‍ 15,778 വോട്ടര്‍മാരെ നേരിട്ട് കണ്ട് അഭിപ്രായം തേടി. 568 ഗ്രാമങ്ങളിലും 146 നഗരങ്ങളിലുമായിരുന്നു സര്‍വ്വേ നടത്തിയത്.

© 2024 Live Kerala News. All Rights Reserved.