മുംബൈയില്‍ മഴക്ക് നേരിയ ശമനം; വൈദ്യുതാഘാതമേറ്റ് രണ്ടു മരണം

മുംബൈ: മുംബൈയില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ രണ്ടുപേര്‍ മരിച്ചു. വാഡ്‌ലയില്‍ വൈദ്യുതാഘാതമേറ്റ് രഞ്ജിത് ഗുപ്ത(60), ഗൗരവ് കാര്‍ണിക്(5) എന്നിവരാണ് മരിച്ചത്. അതേസമയം, മുംബൈയില്‍ മഴക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. റോഡുകളില്‍നിന്നും റെയില്‍ പാളങ്ങളില്‍നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി. ഇപ്പോള്‍ നേരിയ മഴമാത്രമേയുള്ളൂ.സബര്‍ബന്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. എങ്കിലും മിത്തി നദി കരകവിഞ്ഞ് ഇപ്പോഴും അപകടകരമായ രീതിയില്‍ ഒഴുകുകയാണ്. മെട്രോ, മോണോ റെയിലുകളെ മഴ ബാധിച്ചില്ല.

ഇരുപത്തിനാല് മണിക്കൂറിനടയില്‍ മുംബൈ സാന്താക്രൂസില്‍ മാത്രം പെയ്തത് 281.4 മില്ലീമീറ്റര്‍ മഴയാണ്. എന്നാല്‍ ഒരു  ദിവസം കൂടി കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊഹ്ഖണ്‍ തീരത്ത് കനത്ത മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതുകൊണ്ട്തന്നെ ഇന്നുകൂടി ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതരുടെ മുന്നറിയിപ്പുണ്ട്. സ്‌കൂളുകള്‍ ഹൈകോടതി  എന്നിവയ്ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു.

സൈന്‍, മലാഡ്, അന്ധേരി എന്നീസ്ഥലങ്ങള്‍ ഇന്നലെ പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നു.പലയിടങ്ങളിലും പൈപ്പ് ഉപയോഗിച്ച് വെള്ളം ഒഴുക്കിക്കളഞ്ഞു. കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്. മരങ്ങള്‍ കടപുഴകി പലയിടത്തും വൈദ്യുതി ബന്ധം വിച്ഛദിക്കപ്പെട്ടിട്ടുണ്ട്. പല വീ്ടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലായിലാണ്. ചേരിപ്രദേശത്തെയാണ് മഴ കൂടുതലായി വലച്ചത്. കനത്ത മഴ പൂനെ, കോലാപൂര്‍, ഔറംഗബാദ്, നാസിക് നഗരങ്ങളിലെ ജനജീവിതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.