ഗതാഗത നിയമലംഘനം പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ബാധകമല്ല? അഭിഭാഷകര്‍ മാഫിയകളാകുന്ന കാലം

തൃശൂര്‍: ഡല്‍ഹിയില്‍ വിദ്യാര്‍ഥികളെ ഗുണ്ടാ സ്റ്റൈലില്‍ തല്ലിച്ചതക്കുന്നു. ഗതാഗത നിയമം ലംഘിച്ചതിന് കേരളത്തില്‍ പൊലീസിനെ ഭീഷണിപ്പെടുത്തുന്നു. അഭിഭാഷകര്‍ ഗുണ്ടകളാകുന്ന കാലത്തിലൂടെയുള്ള പ്രയാണം. നിയമം അറിയുന്നത്‌കൊണ്ട് എന്തും ആകാമെന്നുള്ള ഇക്കൂട്ടര്‍ക്കെതിരെയാവട്ടെ ഇനി പോരാട്ടങ്ങള്‍.
തൃശൂരില്‍ ഗതാഗത നിയമലംഘനം ചോദ്യം ചെയ്ത ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനു നേര്‍ക്ക് സര്‍ക്കാര്‍ അഭിഭാഷകന്റെ ആക്രോശമുണ്ടായി. തൃശൂരിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യുവാണ് വാഹനം തടഞ്ഞാല്‍ വിവരം അറിയുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയത്. അഭിഭാഷകനെതിരായ പരാതി പൊലീസ് തന്നെ മുക്കുകയും ചെയ്തു. അതേസമയം, ഗതാഗത നിയമലംഘനം നടത്തിയിട്ടില്ലെന്നും അനാവശ്യമായി വാഹനം തടഞ്ഞത് ചോദ്യം ചെയ്യുകയാണുണ്ടായതെന്നും അഭിഭാഷകന്‍ വിശദീകരിച്ചു.
തൃശൂര്‍ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന റോഡില്‍ വച്ചാണ് സംഭവം. റോഡിന്റെ വശങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്ക് നടക്കാനുള്ള വെള്ളവരയ്ക്കപ്പുറം കാര്‍ നിര്‍ത്തിയത് ചോദ്യം ചെയ്തപ്പോഴാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനു നേരെ ജില്ലയിലെ മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ തട്ടിക്കയറിയത്. ട്രാഫിക് ഉദ്യോഗസ്ഥന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും നില്‍ക്കാതെ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ച് മുന്നോട്ട് പോവുകയും ചെയ്തു. വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കരുതെന്ന നിയമവും കാറ്റില്‍പ്പറത്തി. ട്രാഫിക് ഉദ്യോഗസ്ഥന്‍, ട്രാഫിക് എസ്‌ഐക്ക് നല്‍കിയ പരാതി പൊലീസിന് കൈമാറിയെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല. അതേസമയം, അനാവശ്യമായി വാഹനം തടഞ്ഞു നിര്‍ത്തി മനഃപൂര്‍വം അപമാനിക്കാനായിരുന്നു ട്രാഫിക് ഉദ്യോഗസ്ഥന്റെ ശ്രമമെന്നാണ് അഭിഭാഷകന്റെ വിശദീകരണം. മനോരമ ന്യൂസാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

വീഡിയോ…..

കടപ്പാട് മനോരമ ന്യൂസ്..

© 2024 Live Kerala News. All Rights Reserved.