സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ ഇനി ഓര്‍മ്മ ; ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

കോഴിക്കോട്: സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ (62) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അന്ത്യം. രാവിലെ ഒന്‍പത് മുതല്‍ 12 വരെ കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.
1954 ജൂലൈ ഏഴിന് കോഴിക്കോട് ജില്ലയിലെ കക്കട്ടിലാണ് ജനനം. കക്കട്ടിലിലെ പാറയില്‍ എല്‍.പി സ്‌കൂള്‍, വട്ടോളി സംസ്‌കൃതം സെക്കന്ററി സ്‌കൂള്‍ ,ഫറൂഖ് കോളജ്, മടപ്പള്ളി ഗവ.കോളജ്, തൃശൂര്‍ കേരളവര്‍മ, തലശ്ശേരി ബ്രണ്ണന്‍, തലശ്ശേരി ഗവ.ട്രെയ്‌നിങ് കോളേജ് എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉള്‍പ്പെടെ വിവിധ സ്‌കൂളുകളിലായി 30 വര്‍ഷത്തോളം മലയാളം അധ്യാപകനായി സേവനം അനുഷ്ഠിച്ചു.
നോവലുകളും ചെറുകഥകളും ഉള്‍പ്പെടെ 54 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അധ്യാപക കഥകള്‍ എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തില്‍ രൂപം നല്‍കുന്നതില്‍ മുഖ്യപങ്കുവഹിച്ച അദ്ദേഹം മലയാളത്തിലെ പ്രഥമ അധ്യാപക സര്‍വ്വീസ് സ്റ്റോറിയുടെ കര്‍ത്താവുമാണ്.
രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (സ്‌കൂള്‍ ഡയറി, വടക്കുനിന്നൊരു കുടുംബവൃത്താന്തം) നേടിയിട്ടുണ്ട്. പുറമെ അങ്കണം സാഹിത്യ അവാര്‍ഡ്, എസ്. കെ. പൊറ്റെക്കാട് അവാര്‍ഡ്, മികച്ച കഥാകൃത്തിനുളള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, രാജീവ്ഗാന്ധി പീസ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചു.

© 2024 Live Kerala News. All Rights Reserved.