റജീനയുടെ പോസ്റ്റിന് കുളക്കടവിലെ വര്‍ത്തമാനത്തിന്റെ നിലവാരം; സമൂഹങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ എല്ലാകാലത്തും നടന്നിട്ടുണ്ട്; മധ്യമപ്രവര്‍ത്തക വി പി റജീനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് മാധ്യമം പത്രാധിപര്‍ ഒ അബ്ദുറഹ്മാന്‍

കോഴിക്കോട്: മദ്രസാവിദ്യാഭ്യാസകാലത്ത് കുട്ടികള്‍ അധ്യാപകരില്‍ നിന്ന് നേരിടുന്ന ലൈംഗികപീഡനത്തെക്കുറിച്ചുള്ള തന്റെ അനുഭവം ഫെയ്‌സ്ബുക്കിലൂടെ തുറന്നുകാട്ടിയ മാധ്യമം സബ് എഡിറ്റര്‍ വി പി റജീനയെ പരിഹസിച്ച് മാധ്യമം പത്രാധിപര്‍ ഒ അബ്ദുറഹ്മാന്‍ രംഗത്ത്. വി.പി റജീന ഫേസ്ബുക്കില്‍ കുറിച്ചതുപോലുള്ള അനുഭവങ്ങള്‍ എല്ലാ സമൂഹങ്ങളിലും എല്ലാ കാലത്തും ഉണ്ടായിട്ടുള്ളവയാണെന്നും അതില്‍ വലിയ കാര്യമില്ലെന്നും ‘മുഖ്യധാര’മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. മാധ്യമത്തെ സംബന്ധിച്ച് റജീനയുടെ സംഭവങ്ങള്‍ ഒരു വാര്‍ത്തയേ അല്ലെന്നും പോസ്റ്റിനും അതിന് ലഭിച്ച പ്രതികരണങ്ങള്‍ക്കും കുളക്കടവിലെ വര്‍ത്തമാനത്തിന്റെ നിലവാരമെയുള്ളൂവെന്നും അബ്ദുറഹ്മാന്‍ കുറ്റപ്പെടുത്തി. അസഹിഷ്ണുതയ്‌ക്കെതിരെ രംഗത്തെത്തിയവര്‍ വിപി റജീനയോട് അസഹിഷ്ണുക്കളായില്ലേ എന്ന ചോദ്യത്തിനോടാണ് ഒ അബ്ദുറഹ്മാന്റെ പ്രതികരണം.

x

റജീന മാധ്യമം പത്രത്തിലെ ജീവനക്കാരിയാണ് എന്നത് ശരിയാണ്. പക്ഷെ അതുകൊണ്ട് അവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനൊന്നും മാധ്യമം ഉത്തരവാദിയല്ല. അവരുടെ ചെറുപ്പത്തില്‍ മദ്രസകളില്‍ ഉണ്ടായ അനുഭവങ്ങളാകാം. അത്തരം സംഭവങ്ങള്‍ ഏത് കാലങ്ങളിലാണ് ഇല്ലാത്തത്? പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് പോലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത്തരമൊരു കുറ്റകൃത്യം ചെയ്തയാളോട് നമസ്‌കരിച്ചിട്ടു പോകാനാണ് പ്രവാചകന്‍ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ‘ഒരിക്കല്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ അടുത്തേക്ക് ഒരാള്‍ കേറി വന്നു പറഞ്ഞു, ഞാനൊരു പെണ്‍കുട്ടിയെ ബലമായി പിടിച്ചു ചുംബിച്ചു, എന്നെ ശിക്ഷിച്ചാലും. പ്രവാചകന്‍ പ്രതികരിച്ചില്ല. പിന്നെ നമസ്‌കാരത്തിന്റെ സമയമായപ്പോള്‍ നമസ്‌കരിച്ചു. നമസ്‌കാരം കഴിഞ്ഞ് അയാളോട് പ്രവാചകന്‍ പറഞ്ഞു. നിങ്ങള്‍ നമസ്‌കരിച്ചില്ലേ. അതുമതി, നമസ്‌കാരം തെറ്റുകളെ പൊറുപ്പിക്കുമെന്ന്. ഇസ്‌ലാമിക കാര്യത്തില്‍ വിധി പറയേണ്ട പ്രവാചകന്റെ നിലപാടിതായിരുന്നു.’ ഒ. അബ്ദുറഹ്മാന്‍ ചൂണ്ടിക്കാണിക്കുന്നു.

mukhyadhara3

റജീനയുടെ ഫേസ്ബുക്ക് പോസ്റ്റിനും അതിനു ലഭിച്ച പ്രതികരണങ്ങള്‍ക്കും കുളക്കടവിലെയും പുഴക്കരയിലെയും വര്‍ത്തമാനങ്ങളുടെ നിലവാരം മാത്രമാണുള്ളത്. അതിനെ അങ്ങനെ കണ്ടാല്‍ മതി. ചിലര്‍ക്ക് ചില സമയങ്ങളില്‍ ചില ബലഹീനതകള്‍ ഉണ്ടാവും. അതിനെ സാമാന്യവല്‍ക്കരിക്കുന്നതും പെരിപ്പിച്ചു കാണിക്കുന്നതും ശരിയല്ല. ഇത്തരം കാര്യങ്ങളെ സാമാന്യവത്കരിച്ച് മദ്രസാ പ്രസ്ഥാനത്തെ താറടിക്കുന്നതിന് താന്‍ എതിരാണെന്നും അബ്ദുറഹ്മാന്‍ വ്യക്തമാക്കി. മാധ്യമത്തെ സംബന്ധിച്ച് റജീനയുടെ സംഭവങ്ങള്‍ ഒരു വാര്‍ത്തയേ അല്ല. വാര്‍ത്തയാക്കാന്‍ പറ്റിയ നിലവാരവും ആ പോസ്റ്റിനില്ല. അതുകൊണ്ടാണ് വാര്‍ത്തയാക്കാതിരുന്നതെന്നും അബ്ദുറഹ്മാന്‍ വിശദീകരിച്ചു. റജീനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ യുവ ജമാഅത്ത് നേതാക്കള്‍ മോശമായി പ്രതികരിച്ചത് തെറ്റാണ്. ഇത്തരം വിഷയങ്ങളില്‍ അവരൊന്നും ഇടപെടരുതെന്നാണ് തന്റെ അഭിപ്രായം. താന്‍ ഇതിലൊന്നും ഇടപെടാറില്ല. തനിക്ക് ഫെയ്‌സ്ബുക്ക് അക്കൗണ്ടില്ലെന്നും അദ്ദേഹം പറയുന്നു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട റജീനയ്‌ക്കെതിരെ ജമാഅത്തെ ഇസ്ലാമിയിലെ ഉള്‍പ്പെടെയുള്ള മതമൗലീകവാദികള്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് മാസ് റിപ്പോര്‍ട്ടിംഗിലൂടെ ഇവരുടെ എഫ്ബി അക്കൗണ്ട് പൂട്ടിക്കുകയും ചെയ്തിരുന്നു.

mukhyadhara

© 2024 Live Kerala News. All Rights Reserved.