തമിഴകത്ത് ഡിഎംകെയുമായ് കോണ്‍ഗ്രസ് ധാരണ; കരുണാനിധിയുടെ വസതിയില്‍ കൂടിക്കാഴ്ച്ച; ലക്ഷ്യം ജയലളിതയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക

ചെന്നൈ: ജയലളിതയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഡിഎംകെ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ഒരുമിച്ചു നേരിടാന്‍ ധാരണയായി. ടുജി സ്‌പെക്ട്രം വിഷയത്തില്‍ മുറിഞ്ഞ ബന്ധം പുനഃസ്ഥാപിച്ച് തെരഞ്ഞെടുപ്പിനെ സഖ്യംചേര്‍ന്ന് നേരിടാനാണ് ഇരുകക്ഷികളുടെ തീരുമാനം. എഐസിസി പ്രതിനിധിയായി ചെന്നെയിലെത്തിയ പ്രവര്‍ത്തക സമിതി അംഗവുംരാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദും ഡിഎംകെ നേതാവ് എം കരുണാനിധിയും നടത്തിയ ചര്‍ച്ചയിലാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാന്‍ തീരുമാനിച്ചത്. ചെന്നൈയില്‍ കരുണാനിധിയുടെ വസതിയിലായിരുന്നു കുടിക്കാഴ്ച.
ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് തമിഴ്‌നാട് അധ്യക്ഷന്‍ ഇവികെഎസ് ഇളങ്കോവനും തമിഴ്‌നാടിന്റെ ചുമതയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കും പങ്കെടുത്തു. കരുണാനിധിയുടെ മക്കളായ സ്റ്റാലും കിനിമൊഴിയും ചര്‍ച്ചയില്‍ ഭാഗമായി. ജയലളിത ശക്തമായ സാന്നിധ്യമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇരുമുന്നണികളുടെ കൈകോര്‍ക്കല്‍. ആകെയുള്ള 235 സീറ്റുകളില്‍ എത്ര് സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമെന്ന് വ്യക്തമായിട്ടില്ല. ഡിഎംകെയെ ഏറ്റവും വിശ്വസിക്കാവുന്ന പാര്‍ട്ടിയെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ഗുലാം നബി ആസാദ് പ്രതികരിച്ചത്. കോണ്‍ഗ്രസുമായി ഡിഎംകെ നേരത്തേ സഖ്യത്തിലായിരുന്നുവെന്നും ജയലളിതയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ സമാനകക്ഷികളുമായി സഹകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ഡിഎംകെ വക്താവ് മനു സുന്ദരം പറഞ്ഞു. എന്നാല്‍ ബിജെപിയുമായി സഖ്യത്തിലാകാന്‍ എഐഎഡികെ നീക്കം നടത്തുന്നതായാണ് വിവരം.

© 2024 Live Kerala News. All Rights Reserved.