അന്തിചര്‍ച്ചയ്‌ക്കെത്തുന്നവര്‍ക്ക് സംസാരിക്കാന്‍ അവസരം കൊടുക്കാതെ തന്റെ നിലപാട് അടിച്ചേല്‍പ്പിക്കുന്നു; ജെഎന്‍യു സമരത്തെയും ഏകപക്ഷീയമായി നേരിട്ടു; പ്രമുഖ ടിവി ജേര്‍ണലിസ്റ്റ് അര്‍ണബ് ഗോസ്വാമിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

ന്യുഡല്‍ഹി: ഇറിറ്റേറ്റ് ജേര്‍ണലിസത്തിന്റെ വക്താവെന്നറിയപ്പെടുന്ന ടൈംസ് ഗ്രൂപ്പിന്റെ ഗ്രൂപ്പ് എഡിറ്ററും ടൈംസ്‌നൗ ചാനലിന്റെ ചീഫ് എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിക്കെതിരെ സോഷ്യല്‍മീഡിയ. അന്തിച്ചര്‍ച്ചയ്‌ക്കെത്തുന്നവരെ പരസ്പരം തല്ലിച്ചേ അടങ്ങുവെന്ന വാശിയും ചര്‍ച്ചയുടെ പകുതിയിലധികവും പാക്പയറ്റ് നടത്തുകയും ചെയ്യുന്ന ഗോസ്വാമിക്കെതിരെ കുറച്ചുകാലമായി വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. കഴിഞ്ഞദിവസം അത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നു.
പാര്‍ലമെന്റ് അക്രമണകേസിലെ പ്രതിയായി തൂക്കിലേറ്റപ്പെട്ട കശ്മീര്‍ സ്വദേശി അഫ്‌സല്‍ഗുരുവിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥി സംഘടനകള്‍ ഗുരുവിന്റെ ചരമദിനം ആചരിച്ചിരുന്നു. തുടര്‍ന്ന് ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് ക്യാംപസില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. ഇക്കാര്യത്തെ കുറിച്ച് അര്‍ണാബ് ഗോസ്വാമി അവതാരകനായി സംഘടിപ്പിച്ച ചര്‍ച്ചയെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. എന്തു കൊണ്ട് അഫ്‌സല്‍ഗുരു അനുസ്മരണവും ചര്‍ച്ചയും നടന്നു എന്ന് വിവരിക്കുന്നതിനു വേണ്ടി ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥി പ്രതിനിധിയെ സംസാരിക്കാനനുവദിക്കാതെ അര്‍ണാബ് സംസാരിക്കുന്നതാണ് ചര്‍ച്ചക്ക് വിഷയമായിരിക്കുന്നത്. മാത്രമല്ല വിഷയത്തിലെ രാഷ്ട്രീയം സംസാരിക്കാതെ ഏകപക്ഷീയമായി വിധി പറയുകയും അഫ്‌സല്‍ഗുരു വിഷയത്തെ ചര്‍ച്ച ചെയ്യുന്നവരെല്ലാം രാജ്യദ്രോഹികളാണെന്ന് പ്രഖ്യാപിക്കുകയും അര്‍ണാബ് ചെയ്‌തെന്നാണ് വിമര്‍ശനം.

നേരത്തെ ദേശീയ അവാര്‍ഡ് ജേതാവായ ഡോക്യുമെന്റി സംവിധായകന്‍ ആനന്ദ് പട്വര്‍ദ്ധനും അര്‍ണാബ് ഗോസ്വാമിക്കെതിരെ പ്രതിഷേധിച്ചിരുന്നു. അര്‍ണാബിന്റെ കുര നിര്‍ത്തിയാലെ ഇനി താന്‍ ചര്‍ച്ചക്കു വരികയുള്ളു എന്നായിരുന്നു പട്‌വര്‍ദ്ധന്‍ പറഞ്ഞത്. ഞങ്ങള്‍ ദേശീയ പുരസ്‌ക്കാരങ്ങള്‍ തിരികെ നല്‍കിയപ്പോള്‍ അര്‍ണാബ് ഞങ്ങള്‍ക്കു നേരെ കുരച്ചു. കാര്യഗൗരവവും ബഹുമാനവുമില്ലാത്ത അദ്ദേഹത്തിന്റെ സ്വഭാവമാണ് അപ്പോള്‍ പുറത്തുവന്നത്. എതിര്‍പ്പുകളെ എനിക്ക് തീര്‍ച്ചയായും മനസ്സിലാകും. എന്നാല്‍, കുരയ്ക്കുന്നത് എനിക്ക് മനസ്സിലാകില്ല. അദ്ദേഹത്തിന് ആരെങ്കിലും ഒരു ബിസ്‌ക്കറ്റ് നല്‍കുകയാണെങ്കില്‍, അത് മേടിച്ച് അദ്ദേഹം കുരയ്ക്കുന്നത് നിര്‍ത്തുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ചാനലിലേക്ക് പോകുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിക്കാമെന്നായിരുന്നു പട്‌വര്‍ദ്ധന്‍ പറഞ്ഞത്. അര്‍ണാബിനെ വിമര്‍ശിച്ച് ഔട്ട്‌ലുക്ക് മാഗസിന്‍ മാസങ്ങള്‍ക്ക് മുമ്പ് കവര്‍‌സ്റ്റോറി പ്രസിദ്ധീകരിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.