കൂട്ടുകാരനെ എടായെന്ന് വിളിച്ചതിന് അധ്യാപകന്‍ വിദ്യാര്‍ഥിയുടെ കൈവിരല്‍ വലിച്ചുകീറി; ക്രൂരനായ കായികാധ്യാപകനെതിരെ കേസ്

കല്‍പ്പറ്റ: കൂട്ടുകാരനെ എടായെന്ന് വിളിച്ചതിന് അധ്യാപകന്‍ വിദ്യാര്‍ഥിയുടെ കൈവിരല്‍ വലിച്ചുകീറി. എട്ടാം ക്ലാസില്‍ പഠിക്കുന്ന മുഹമ്മദ് റഫീസി(13)നാണ് കായികാധ്യാപകന്‍ ക്രൂരപീഡനം ചെയ്തത്. അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. കല്‍പ്പറ്റ മുട്ടില്‍ പരിയാരം ഗവ. ഹൈസ്‌ക്കൂളിലാണു സംഭവം. സംഭവം വിവാദമായതോടെ കായിക അധ്യാപകന്‍ വിനോദിനെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.

കഴിഞ്ഞമാസം 27നാണ് സംഭവം. ക്ലാസില്‍ അധ്യാപകനില്ലാത്തതിനാല്‍ മുഹമ്മദ് റഫീസ് പുറത്തു സഹപാഠികള്‍ കളിക്കുന്നതു നോക്കിനില്‍ക്കുകയായിരുന്നു. ഈ സമയം കായികാധ്യാപകന്‍ വിനോദും പുറത്തുണ്ടായിരുന്നു. പുറത്തുനിന്ന കൂട്ടുകാരെ താന്‍ എടായെന്നു വിളിച്ചതായി മുഹമ്മദ് റഫീസ് പൊലീസിനു മൊഴി നല്‍കി. ഇതുകേട്ട വിനോദ് തോളില്‍ കൈയിട്ടു കുട്ടിയെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി മതിലിനോടു ചേര്‍ത്തുനിര്‍ത്തി കൈവിരലുകള്‍ അകത്തിവലിച്ചെന്നാണു പരാതി. കൈവിരലുകള്‍ക്കിടയിലെ ചര്‍മം വേര്‍പെട്ട് അസ്ഥികള്‍ പുറത്തായ നിലയില്‍ കുട്ടിയെ വിനോദ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. കൈയില്‍ ഏഴു തുന്നിക്കെട്ടലുകള്‍ വേണ്ടിവന്നു. മറ്റ് അധ്യാപകരെക്കൂട്ടിയാണു കുട്ടിയെ വീട്ടില്‍ പറഞ്ഞയച്ചത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണു പൊലീസ് അധ്യാപകനെതിരേ കേസെടുത്തത്. രക്ഷിതാക്കള്‍ ചൈല്‍ഡ്‌ലൈനിലും പരാതി നല്‍കി. മുഹമ്മദ് റഫീസ് കൂട്ടുകാരെ എടാ എന്നു വിളിച്ചതു തന്നെയാണെന്നു തെറ്റിദ്ധരിച്ചാണ് അധ്യാപകന്‍ അതിക്രമം കാട്ടിയതെന്നു പൊലീസ് സംശയിക്കുന്നു.

© 2024 Live Kerala News. All Rights Reserved.