മിശ്രവിവാഹിതര്‍ക്ക് കോളജില്‍ കയറാന്‍ അനുവാദമില്ല; രക്ഷിതാക്കളുടെ അനുമതി തേടാതെ വിവാഹം കഴിക്കുന്നത് നിയമവിരുദ്ധം; വിദ്യാര്‍ഥിനിക്ക് കോളജില്‍ വിലക്ക്; കോഴിക്കോട് എംഇഎസ് കോളജ് അധികൃതരുടെയാണ് വിചിത്ര നടപടി

കോഴിക്കോട്: രക്ഷിതാക്കളുടെ അനുവാദമോ സഹകരണമോയില്ലാതെ മിശ്ര വിവാഹം ചെയ്ത വിദ്യാര്‍ഥിനിയെയാണ് കോഴിക്കോട് എംഇഎസ് വനിതാ കോളേജില്‍ പ്രവേശനം നിഷേധിച്ചത്. നടക്കാവില്‍ പ്രവര്‍ത്തിക്കുന്ന എംഇഎസ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി മാവൂര്‍ സ്വദേശിനി നീരജയോടാണ് ഇനി മുതല്‍ കോളജില്‍ വരേണ്ടെന്ന് അധികൃതര്‍ അറിയിച്ചത്. രക്ഷിതാക്കളറിയാതെ വിവാഹം ചെയ്താല് കോളജ് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വെസ് പ്രിന്‍സിപ്പല്‍ അറിയിച്ചതായി നീരജ പറഞ്ഞു. ഒരാഴ്ച മുമ്പാണ് കൊയിലാണ്ടി നന്തി സ്വദേശി മുഹമ്മദ് റമീസുമായി നീരജയുടെ വിവാഹം നടന്നത്. ഇരുവരും കോളജിലെത്തി അവധിക്കാര്യം സംസാരിക്കാനായി പ്രിന്‍സിപ്പലിനെ കാണാന്‍ ശ്രമിച്ചപ്പോഴാണ് കോളജില്‍ പഠനം തുടരാന്‍ കഴിയില്ലെന്ന് അറിയിച്ചത്. പ്രിന്‍സിപ്പല്‍ ബി സീതാലക്ഷ്മിയോട് സംസാരിക്കാന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അനുവദിച്ചില്ല. അതേസമയം വിദ്യാഭ്യാസം തുടരാനായി പോരാട്ടം നടത്താനാണ് നീരജയുടെ തീരുമാനം. സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടപ്പോള്‍ യൂണിവേഴ്‌സിറ്റിയില്‍ പോയി വാങ്ങാന്‍ വൈസ്പ്രിന്‍സിപ്പാല്‍ നിര്‍ദേശിച്ചതായും നീരജ പറഞ്ഞു. റമീസിനും നീരജയ്ക്കും ഒന്നിച്ച് ജീവിക്കാന്‍ കോഴിക്കോട് കുന്ദമംഗലം കോടതി അനുമതിയും നല്കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ ജീവിക്കാന്‍ തീരുമാനിച്ചാല്‍ അതെങ്ങനെ നിയമവിരുദ്ധമാകുമെന്ന ചോദ്യമാണുയരുന്നത്.

© 2024 Live Kerala News. All Rights Reserved.