ഗുജറാത്ത് ഏറ്റുമുട്ടലില്‍ മരിച്ച ഇസ്രത്ത് ജഹാന്‍ ലഷ്‌കര്‍ ചാവേറായിരുന്നു; സംഘടനയിലെ വനിതാ വിഭാഗത്തിലാണ് ഇസ്രത്ത് ജഹാന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും ഹെഡ്‌ലിയുടെ മൊഴി; വെളിപ്പെടുത്തലിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയെന്ന് ഇസ്രത്തിന്റെ ബന്ധുക്കള്‍

മുംബൈ: ഗുജറാത്ത് വ്യാജ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ചാവേറായിരുന്നെന്നും വനിതാ വിഭാഗത്തിലാണ് ഇസ്രത്ത് പ്രവര്‍ത്തിച്ചിരുന്നതെന്നും മുംബൈ സ്‌ഫോടന കേസിലെ മാപ്പ് സാക്ഷി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ മൊഴി. ലഷ്‌കറിന്റെ അബ്ദു റഹ്മാന്‍ ലഖ്‌വിയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ഹെഡ്‌ലി പറഞ്ഞു. അബു അയ്മന്‍ മസര്‍ ആയിരുന്നു ലഷ്‌കറിന്റെ വനിതാ വിഭാഗം മേധാവി എന്നും ഹെഡ്‌ലി മൊഴി നല്‍കി. 2004 ല്‍ അഹമ്മദാബാദില്‍ വച്ച് ഗുജറാത്ത് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇസ്രത്ത് ജഹാന്‍ കൊല്ലപ്പെട്ടത്. നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിവരില്‍ പ്രധാനിയാണ് ഇസ്രത്ത് എന്നായിരുന്നു ഗുജറാത്ത് പൊലീസ് അന്ന് നല്‍കിയ വിശദീകരണം. ഇസ്രത്ത് ഉള്‍പ്പെടെ നാല് പേര്‍ അന്ന് കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ അതൊരു വ്യാജ ഏറ്റുമുട്ടല്‍ ആയിരുന്നു എന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ഇതിനിടെയാണ് ഇസ്രത്ത് ജഹാന്‍ ലഷ്‌കര്‍ ഭീകരനാണെന്നുള്ള ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍.

Javed-Sheikh-Ishrat-Jahan-fake-encounter

ഇന്ത്യന്‍ സൈനിക താവളങ്ങളില്‍ നുഴഞ്ഞുകയറി ഭീകരാക്രമണം നടത്താന്‍ പാക് സേനയിലെ മേജര്‍ അലിയുടെ നിര്‍ദേശം ലഭിച്ചിരുന്നതായും ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി മൊഴി നല്‍കി. സൈനിക നീക്കങ്ങളും ഉദ്യോഗസ്ഥരുടെ രഹസ്യങ്ങളും മനസിലാക്കാനായി ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നുവെന്നും ഹെഡ്‌ലി പറഞ്ഞു. ഐഎസ് ഐക്കും ലഷ്‌കര്‍ ഇ തോയിബക്കും വേണ്ടി ജോലി ചെയ്യുന്നുണ്ടെന്ന് ഹെഡ്‌ലി നേരത്തെ സമ്മതിച്ചിരുന്നു. മുംബൈ സ്‌ഫോടനത്തില്‍ പാകിസ്താന്റെ പങ്ക് സൂചിപ്പിക്കുന്ന വ്യക്തമായി മൊഴികളാണ് കഴിഞ്ഞ മൂന്നു ദിവങ്ങളിലായി ഹെഡ്‌ലി നല്‍കുന്നത്. ആക്രമണത്തിന്റെ ആസൂത്രണം നടന്നത് പാകിസ്താനില്‍ ആണെന്നും ആക്രമണം നടത്താന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ സഹായം നല്‍കി എന്നും ഹെഡ്‌ലി മൊഴി നല്‍കിയിരുന്നു. അമേരിക്കയിലെ രഹസ്യ കേന്ദ്രത്തിലാണ് ഹെഡ്‌ലി മൊഴി നല്‍കുന്നത്.സങ്കേതിക തകരാര്‍ മൂലം വീഡിയോ ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ ഇന്നലെ തടസപ്പെട്ട ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വിസ്താരം ഇന്ന് രാവിലെ മുതല്‍ പുനരാരംഭിക്കുകയായിരുന്നു. സ്രത്ത് ജഹാന്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ വ്യാജമാണെന്നും ഇസ്രത്ത് നിരപരാധിയാണെന്നും ഇന്ത്യയില്‍ നടന്ന അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളതാണെന്ന് ഇഷ്രത ജഹാന്റെ സഹോദരി മുഷ്രത് ജഹാന്‍ പറഞ്ഞു. ആരാണ് ഈ ഹെഡ്‌ലിയെന്ന് അവര്‍ ചോദിച്ചു. ‘ ഇതെല്ലാം രാഷ്ട്രീയ ഗൂഢാലോചനയാണ്. വലിയ ആളുകളാണ് ഇതിന് പിന്നില്‍ ഹെഡ്‌ലിക്ക് തീര്‍ച്ചയായും എന്തെങ്കിലും പ്രയോജനമുണ്ടായിരിക്കും’ മുസ്രത്ത് പറഞ്ഞു. ഇഷ്രത് ജഹാനെ ഒരു ഭീകര സംഘടനയുമായും ബന്ധിപ്പിക്കാനാവില്ലെന്ന് ഇസ്രത്തിന്റെ അമ്മയുടെ അഭിഭാഷകയായ വൃന്ദാ ഗ്രോവര്‍ പറഞ്ഞു. ഹെഡ്‌ലിയെ ചോദ്യം ചെയ്യുന്നതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ട്.പ്രത്യേക പബ്ലിക് പ്രൊസിക്യൂട്ടര്‍ ഉജ്വല്‍ നികമിന്റെ ചോദ്യം ചെയ്യല്‍ നിയമവിരുദ്ധമാണെന്നും വൃന്ദാ ഗ്രോവര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.