ഇന്ത്യന്‍ സൈനിക താവളങ്ങളില്‍ നുഴഞ്ഞുകയറാന്‍ നിര്‍ദേശം ലഭിച്ചു; പാക് സേനയിലെ മേജറാണ് നിര്‍ദേശിച്ചതെന്നും ഹെഡ്‌ലി; അമേരിക്കയില്‍ ഹെഡ്‌ലിയുടെ മൊഴിയെടുക്കല്‍ പുനരാരംഭിച്ചു

മുംബൈ: ഇന്ത്യന്‍ സൈനിക താവളങ്ങളില്‍ നുഴഞ്ഞുകയറി ഭീകരാക്രമണം നടത്താന്‍ പാക് സേനയിലെ മേജര്‍ അലിയുടെ നിര്‍ദേശം ലഭിച്ചിരുന്നതായി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി മൊഴി നല്‍കി. സൈനിക നീക്കങ്ങളും ഉദ്യോഗസ്ഥരുടെ രഹസ്യങ്ങളും മനസിലാക്കാനായി ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നുവെന്നും ഹെഡ്‌ലി പറഞ്ഞു. ഐഎസ് ഐക്കും ലഷ്‌കര്‍ ഇ തോയിബക്കും വേണ്ടി ജോലി ചെയ്യുന്നുണ്ടെന്ന് ഹെഡ്‌ലി നേരത്തെ സമ്മതിച്ചിരുന്നു.
മുംബൈ സ്‌ഫോടനത്തില്‍ പാകിസ്താന്റെ പങ്ക് സൂചിപ്പിക്കുന്ന വ്യക്തമായി മൊഴികളാണ് കഴിഞ്ഞ മൂന്നു ദിവങ്ങളിലായി ഹെഡ്‌ലി നല്‍കുന്നത്. ആക്രമണത്തിന്റെ ആസൂത്രണം നടന്നത് പാകിസ്താനില്‍ ആണെന്നും ആക്രമണം നടത്താന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ സഹായം നല്‍കി എന്നും ഹെഡ്‌ലി മൊഴി നല്‍കിയിരുന്നു. അമേരിക്കയിലെ രഹസ്യ കേന്ദ്രത്തിലാണ് ഹെഡ്‌ലി മൊഴി നല്‍കുന്നത്.സങ്കേതിക തകരാര്‍ മൂലം വീഡിയോ ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ ഇന്നലെ തടസപ്പെട്ട ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വിസ്താരം ഇന്ന് രാവിലെ മുതല്‍ പുനരാരംഭിക്കുകയായിരുന്നു. പാക്-ഇന്ത്യ ബന്ധം വഷളാകുന്ന സ്ഥിതിയിലേക്കാണ് ഹെഡ്‌ലിയുടെ മൊഴികളിലൂടെ വ്യക്തമാകുന്നത്.

© 2024 Live Kerala News. All Rights Reserved.