മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ക്ക് ഗണേഷ് കുമാര്‍ എംഎല്‍എ എട്ടിന്റെ പണികൊടുത്തു; പലയിടത്ത് ഇടിച്ചുതകര്‍ന്ന സ്‌കോര്‍പിയോയുമായി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട് സ്വബോധമില്ലാതെ വണ്ടിയോടിച്ച എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറെയാണ് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ അവസരോചിതമായി വെട്ടിലാക്കിയത്. പരുത്തിപ്പാറ സ്വദേശിയും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുമായ സുരേഷ്ബാബു (49) ആണ് പേരൂര്‍ക്കട പോലീസിന്റെ പിടിയിലായത്. ഇന്നുപുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. ഗണേഷ്‌കുമാര്‍ തന്റെ വാഹനത്തില്‍ എം.സി റോഡിലൂടെ കേശവദാസപുരം ഭാഗത്തേക്കു വരുമ്പോള്‍ അതേ ദിശയില്‍ വരികയായിരുന്ന സ്‌കോര്‍പിയോ കാര്‍ റോങ്ങ് സൈഡില്‍ കാറിനു നേരെ വന്നു. ഗണേഷിന്റെ ഡ്രൈവര്‍ വിദഗ്ധമായിത് മറികടന്നതോടെയാണ് അപകടം ഒഴിവായത്. പിന്നീട് മറ്റ് വാഹനങ്ങള്‍ക്കും സ്‌കോര്‍പിയോ അപകടഭീതി ഉണ്ടാക്കി. അപകടകരമായ ഡ്രൈവിംഗ് കണ്ട് എം.എല്‍.എ മണ്ണന്തല പോലീസില്‍ വിവരമറിയിച്ചു. മണ്ണന്തല സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം പേരൂര്‍ക്കട പോലീസ് പരുത്തിപ്പാറ ജംഗ്ഷനില്‍ പിടികൂടുകയായിരുന്നു. സ്‌കോര്‍പിയോയുടെ മുന്‍ഭാഗം പലയിടത്തും തകര്‍ന്നിരുന്നതായി പൊലീസ് പരിശോധനയില്‍ കണ്ടെത്തി. വൈദ്യപരിശോധനയില്‍ സുരേഷ്ബാബു അമിതമായി മദ്യപിച്ചിരുന്നതായി തെളിഞ്ഞെന്ന് പൊലീസ് പറഞ്ഞു. വേലിതന്നെ വിളവുതിന്നുന്ന പഴഞ്ചൊല്ലിനെ അന്വര്‍ഥമാകുന്നതാണ് എക്‌സൈസ് ഉദ്യോഗസ്ഥന്റെ മദ്യപിച്ചുള്ള വാഹനമോടിക്കല്‍.

© 2024 Live Kerala News. All Rights Reserved.