പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് കെ എം മാണിയുടെ പിന്തുണ; ഭരണപക്ഷത്ത് അമ്പരപ്പ്; മാണി ഇടത്തോട്ട് ചാഞ്ഞു?

തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവെച്ചതിന് ശേഷം കോണ്‍ഗ്രസിനെ കൊട്ടാന്‍ കിട്ടുന്ന അവസരമൊന്നും കെ എം മാണി ഒഴിവാക്കാറില്ല. എന്നാല്‍ ഇന്ന് നിയസഭയിലെ മാണിയുടെ നീക്കം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ അമ്പരപ്പുണ്ടാക്കി. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനാണ് കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ അസാധാരണ പിന്തുണ ലഭിച്ചത്. ബാര്‍ കോഴ കേസില്‍ മന്ത്രി കെ ബാബുവിന്റെ കാര്യത്തില്‍ ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്ന വിഷയം ഉന്നയിച്ച് വിഎസ് സുനില്‍കുമാര്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയപ്പോഴാണ് കെഎം മാണിയുടെ അസാധാരണ നീക്കം.
വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അടിയന്തരപ്രമേയമായി പരിഗണിക്കാന്‍ കഴിയില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഇക്കാരണത്താല്‍ ശൂന്യവേളയില്‍ നോട്ടീസ് പരിഗണിക്കാന്‍ പോലും സ്പീക്കര്‍ തയ്യാറായില്ല. പകരം ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അംഗം കെ മരുളീധരനെ ക്ഷണിക്കുക കൂടി ചെയ്തു. ഇതോടെ പ്രതിപക്ഷം പ്രകോപിതരായി സഭയുടെ നടത്തുളത്തിലിറങ്ങി.

president-kerala-Assembly

സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് നടത്തുളത്തില്‍ വിഎസ് സുനില്‍കുമാര്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയുള്ള പ്രസംഗം നടത്തി. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്നാണ് കോടതി പറഞ്ഞതെന്നും ഇപ്പോഴും സംശയത്തിലായ മറ്റൊരു മന്ത്രി കെ ബാബു മന്ത്രിസഭയില്‍ തുടരുകയാണെന്നും സുനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. ഇത് ഇരട്ടനീതിയാണെന്നും സുനില്‍കുമാര്‍ പ്രംസിഗിച്ചു. ഈ ഘട്ടത്തിലാണ് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന കെഎം മാണി ഡസ്‌കിലടിച്ച് പ്രസംഗത്തെ പരസ്യമായി പിന്തുണച്ചത്. ബഹളം കാരണം സഭ പിരഞ്ഞയുടന്‍ കെഎം മാണി പ്രതിപക്ഷ ബെഞ്ചിനടുത്തെത്തി. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, ഉപനേതാവ് കോടയേരി ബാലകൃഷ്ണന്‍, എന്‍സിപി നേതാവ് എകെ ശശീന്ദ്രന്‍, ടിഎം തോമസ് ഐസക്, വിഎസ് സുനില്‍കുമാര്‍, എളമരം കരീം, എ പ്രദീപ് കുമാര്‍ തുടങ്ങിയവരെല്ലാം നില്‍ക്കുന്നിടത്തേക്ക് എത്തിയ മാണി കൂപ്പുകൈയോടെ ചിരിച്ചുകൊണ്ട് പറഞ്ഞു: ‘താങ്ക്യു… താങ്ക്യു… നിങ്ങളെങ്കിലും ഇത് പറഞ്ഞല്ലോ’. ഒപ്പം പൊട്ടിച്ചിരിയും. പ്രതിപക്ഷ അംഗങ്ങള്‍ക്ക് കൈകൊടുത്ത് സന്തോഷം പങ്കുവെച്ചാണ് മാണി മടങ്ങിയത്. കെ എം മാണിയുടെ അസാധാരണനീക്കം യുഡിഎഫിനകത്ത് വരുംദിവസങ്ങളില്‍ വലിയ ചര്‍ച്ചയായേക്കും.

© 2024 Live Kerala News. All Rights Reserved.