കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സിപിഎമ്മിനെ തിരിഞ്ഞുകുത്തുന്നു; പാര്‍ട്ടി കോടതികള്‍ ക്വട്ടേഷന്‍ നിര്‍ദേശ കേന്ദ്രങ്ങളാകുന്നു

സ്വന്തംലേഖകന്‍

കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കുപ്രസിദ്ധി ദേശീയചര്‍ച്ചയായിട്ട് വര്‍ഷങ്ങളായി. കെ ടി ജയകൃഷ്ണനും കതിരൂര്‍ മനോജും ഫസലും അരിയില്‍ ഷുക്കൂറും ടിപി ചന്ദ്രശേഖരുമെല്ലാം ദാരുണമായി വധിക്കപ്പെട്ടപ്പോള്‍ സിപിഎമ്മിന് നേര്‍ക്കാണ് കുന്തമുന നീണ്ടത്. ടിപി കൊല്ലപ്പെട്ടത് ഒഞ്ചിയത്താണെങ്കിലും ബുദ്ധികേന്ദ്രം കണ്ണൂര്‍തന്നെയായിരുന്നു. ഒടുവിലായി അരിയില്‍ ഷുക്കൂറിനെ നിഷ്ഠൂരമായ കൊലപ്പെടുത്തിയതില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ടിവി രാജേഷുമുണ്ട്. സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതോടെ സിപിഎം നേതൃത്വം വെട്ടിലായിരിക്കുകയാണ്. അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെയും സുഹൃത്തുക്കളെയും തടഞ്ഞുവച്ചതുമുതല്‍, കൊല്ലാനുപയോഗിച്ച കഠാര ഒളിപ്പിച്ചതില്‍വരെ പാര്‍ട്ടിക്കോടതി തീരുമാനമെന്നപോലെ വ്യക്തമായ ആസൂത്രണവും പ്രാദേശികതലത്തിലെ പ്രധാനനേതാക്കളുടെ നിര്‍ദേശങ്ങളുമുണ്ടായിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്: ‘ പ്രാണരക്ഷാര്‍ഥം ഒരു വീട്ടിലേക്ക് ഓടിക്കയറിയ ഷുക്കൂറിനെയും മൂന്നു സുഹൃത്തുക്കളെയും ഉച്ചയ്ക്ക് 12.30 മുതല്‍ രണ്ടു വരെ അവിടെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. ഡിവൈഎഫ്‌ഐ കണ്ണപുരം ഈസ്റ്റ് വില്ലേജ് സെക്രട്ടറി ദിനേശന്‍ (മൈന ദിനേശന്‍) നാലുപേരുടെയും ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. നാലുപേരുടെയും പേരും വിലാസവും സിപിഎം മോറാഴ ലോക്കല്‍ കമ്മിറ്റി അംഗം ചോദിച്ചറിഞ്ഞു. തുടര്‍ന്നു ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗത്തെ ഫോണില്‍ വിളിച്ചു പറഞ്ഞു. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം, സിപിഎം മുള്ളൂല്‍ ലോക്കല്‍ കമ്മിറ്റി അംഗം, അരിയില്‍ ബ്രാഞ്ച് സെക്രട്ടറി, അരിയില്‍ ലോക്കല്‍ സെക്രട്ടറി എന്നിവര്‍ കൂടിയാലോചിച്ചു ഷുക്കൂറിനെ വധിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന്, ഷുക്കൂര്‍, സുഹൃത്ത് സക്കറിയ എന്നിവര്‍ ഒഴികെയുള്ളവരെ വീട്ടുതടങ്കലില്‍നിന്നു വിട്ടയച്ചു. ഷുക്കൂറിനെയും സക്കറിയയെയും സമീപത്തെ കീഴറ ചുള്ളിയോട് വയലിലേക്കു കൊണ്ടുപോയി. അവിടെവച്ച് ഇരുവരെയും ആക്രമിച്ചു. കുത്തേറ്റ സക്കറിയ ഓടിരക്ഷപ്പെട്ടു.

jayarajan-rajesh

ഷുക്കൂറിനെ ഡിവൈഎഫ്‌ഐ കണ്ണപുരം വില്ലേജ് കമ്മിറ്റി അംഗം കെ.വി. സുമേഷ് നെഞ്ചിന്റെ ആഴത്തില്‍ കുത്തി. ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി. ഗണേശന്‍, വില്ലേജ് കമ്മിറ്റി അംഗം പി. അനൂപ് എന്നിവരും കഠാര ഉപയോഗിച്ചു മുറിവേല്‍പ്പിച്ചു.പൊലീസെത്തി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.’ കതിരൂര്‍ മനോജിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ ഗൂഡാലോചനയില്‍ പി ജയരാജനും പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയതോടെ അദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചിരുന്നു. ഇതിനിടെ തലശ്ശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതോടെ ഹൈേേക്കാടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയാല്‍ ജയരാജന്‍ അറസ്റ്റ് ചെയ്യപ്പെടും. ഇതിനിടെ അരിയില്‍ ഷുക്കൂര്‍ വധക്കേസും ഉയര്‍ന്ന് വന്നത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനുണ്ടാക്കിയ തലവേദന ചെറുതല്ല. ടിപി ചന്ദ്രശേഖരന്‍ വധക്കേസും സിബിഐ അന്വേഷിക്കുന്ന ഘട്ടം വരുന്നതോേെട കൂടുതല്‍ സങ്കീര്‍ണ്ണ കുരുക്കിലേക്ക് സിപിഎം നീങ്ങും.

© 2024 Live Kerala News. All Rights Reserved.