സമരം വിജയം കണ്ടു; നെറ്റ് ന്യൂട്രാലിറ്റിക്ക് പിന്തുണ; ഫ്രീ ബേസിക്‌സിന് തിരിച്ചടി; ഫെയ്‌സ്ബുക്കിന് ഇരുട്ടടി

ന്യൂഡെല്‍ഹി: ഇന്റര്‍നെറ്റ് സമത്വത്തെ പിന്തുണച്ച് ട്രായ് ( ടെലിഫോണ്‍ റെഗുലേറ്ററി ഓഫ് ഇന്ത്യ) നെറ്റ് സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകള്‍ ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന നിലപാടാണ് ട്രായ് സ്വീകരിച്ചത്. പൊതു ജനാഭിപ്രായവും നെറ്റ് ന്യൂട്രാലിറ്റിയും പരിഗണിച്ചാണ് നടപടിയെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മ അറിയിച്ചു.
ഇതോടെ ഇന്ത്യയില്‍ ഒരേ ഡാറ്റാ നിരക്കില്‍ ഇന്റര്‍നെറ്റിലെ എല്ലാ ഉള്ളടക്കവും ലഭിക്കുമെന്ന് ട്രായ് വ്യക്തമാക്കി. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ടെലികോം സേവനദാതാക്കളില്‍ നിന്ന് 50,000 രൂപ 50 ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന് ആര്‍ എസ്. ശര്‍മ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളില്‍ സൗജന്യനിരക്കില്‍ ഇന്റനെറ്റ് സേവനം ലഭ്യമാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് അനുമതി നല്‍കും. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നിബന്ധനകള്‍ പുനഃപരിശോധിക്കുമെന്നും ട്രായ് ചെയര്‍മാന്‍ വ്യക്തമാക്കി. ഫ്രീബേസിക്‌സ് എന്ന പേരില്‍ ഫേസ്ബുക്ക് തയാറാക്കിയ പദ്ധതിയും ട്രായ് വിലക്കി. ചില വെബ് സേവനങ്ങള്‍ മാത്രം ഉപയോക്താക്കള്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്നതിനു വേണ്ടി സോഫ്റ്റ്‌വെയര്‍ ഭീമനായ ഫേസ്ബുക്കും ഇന്റര്‍നെറ്റ് സെര്‍വീസ് പ്രൊവൈഡര്‍മാരും ചേര്‍ന്ന് നടപ്പാക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയാണ് ഫ്രീബേസിക്‌സ്. നേരത്തെ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് എന്നറിയപ്പെട്ടിരുന്ന ഇത് ഇന്റര്‍നെറ്റ് എന്ന പേര് ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം നേരിട്ടതിനാല്‍ ഫ്രീബേസിക്ള്‍സ് എന്ന പേരില്‍ പുനരവതരിപ്പിക്കുകയായിരുന്നു. ഇന്റര്‍നെറ്റ് ആക്റ്റിവിസ്റ്റുകള്‍ ഇതിനെ മതിലുകളുള്ള ഉദ്യാനം എന്നാണ് കുറ്റപ്പെടുത്തിയിരുന്നത്. ഫ്രീബേസിക്ള്‍സിലൂടെ ഒരു തുറന്ന ഇന്റര്‍നെറ്റ് ഉപയോക്താവിന് ലഭ്യമാകുമായിരുന്നില്ല. സേവനങ്ങള്‍ പരിമിതപ്പെടുത്താനുള്ള ഫെയ്‌സ് ബുക്കിന്റെ നീക്കത്തിനൊപ്പമായിരുന്നു മറ്റ് ചില ഇന്ത്യന്‍ കമ്പനികളും ഈ കമ്പനികള്‍ക്കെല്ലാം കനത്ത തിരിച്ചടിയേകിയാണ് ട്രായുടെ തീരുമാനം. ട്രായുടെ നിലപാടിനെ പരക്കെ സ്വാഗതം ചെയ്യുന്നുണ്ട്.

© 2023 Live Kerala News. All Rights Reserved.