പി ജയരാജനെയും ടി വി രാജേഷിനെയും പൊലീസ് രക്ഷിക്കാന്‍ ശ്രമിച്ചു; അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി

കൊച്ചി: കണ്ണൂര്‍ അരിയില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയകേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെയും ടിവി രാജേഷ് എംഎല്‍എയെയും പൊലീസ് രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷൂക്കൂറിന്റെ മാതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇരുവര്‍ക്കുമെതിരെ ഗൂഡാലോചന കുറ്റം ഇല്ലാതെ പോയതിന്റെ കാരണം ഇതാണ്. ഷുക്കൂറിന്റെ ഉമ്മയുടെ കണ്ണുനീര്‍ കോടതിക്ക് കാണാതിരിക്കാനാവില്ല. തുടരന്വേഷണം നടത്തേണ്ടത് അനിവാര്യമാണ്. സ്വയംപ്രഖ്യാപിത രാജാക്കന്‍മാര്‍ വാണാല്‍ നീതി ഉറപ്പാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ശരിയായ അന്വേഷണം നടന്നിട്ടില്ല. ജസ്റ്റിസ് കമാല്‍ പാഷയുടെ ബഞ്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതുസംബന്ധിച്ചുള്ള സര്‍ക്കാര്‍ വിജ്ഞാപനം കോടതി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍ വ്യക്തമാക്കി. 2012 ഫിബ്രുവരി 20നാണ് അരിയില്‍ ഷുക്കൂര്‍ കൊലചെയ്യപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെ പ്രതിയാക്കി സിബിഐ അന്വേഷണം തുടരുകയാണ്. ഈ കേസില്‍ ജയരാജന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കാനിരിക്കെയാണ് അരിയില്‍ ഷുക്കൂര്‍ വധക്കേസിലും പി ജയരാജന്‍ കുടുങ്ങാനിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.