പിണറായി മത്സരിക്കുന്നുണ്ടെങ്കില്‍ താനില്ലെന്ന് വി എസ്; തീരുമാനം സീതാറാം യച്ചൂരിയെ അറിയിച്ചു; മുന്നണി ജയിക്കണമെങ്കില്‍ വിഎസ് മത്സരിക്കണമെന്ന് കേന്ദ്രനേതൃത്വം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ മത്സരിക്കുകയാണെങ്കില്‍ താന്‍ മത്സരിക്കിേെല്ലന്ന് വി എസ് അച്യുതാനന്ദന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ അറിയിച്ചതായി സൂചന. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആദ്യം വിഎസ് താത്പര്യം പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് അറിയിച്ചില്ല. വെറുതെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എ ആകാനില്ല എന്ന നിലപാടാണ് ആദ്യം മുതല്‍ വിഎസ് സ്വീകരിച്ചത്. ഇഎംഎസ് രണ്ട് തവണ മുഖ്യമന്ത്രിയായി. ഇ.കെ നായനാര്‍ മൂന്ന് തവണ മുഖ്യമന്ത്രിയായി തനിക്ക മാത്രം ഒരു തവണ മുഖ്യമന്ത്രി സ്ഥാനം എന്ന നിലപാട് ശരിയല്ലെന്നാണ് വിഎസിന്റെ നിലപാട്. പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയാണ് സിപിഎം ഇപ്പോള്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. ഈ സാഹചര്യത്തിലാണ് പിണറായി വിജയനും താനും ഒന്നിച്ച് മത്സരിക്കേണ്ടതില്ലെന്ന നിലപാട് വിഎസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. വിഎസിന്റെ നിലപാട് ഇടത് മുന്നണിയേയും സിപിഎമ്മിനേയും പ്രതിസന്ധിയിലാക്കും എന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വിഎസ് തന്നെ നേതൃത്വം നല്‍കണമെന്ന് സിപിഐ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. സിപിഎമ്മിനകത്തും ഈ അഭിപ്രായം ശക്തമാണ്. വെള്ളാപ്പള്ളി നടേശന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി, ബിജെപി സഖ്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ വിഎസിന്റെ സാന്നിദ്ധ്യം സിപിഎമ്മിനും ഇടത് മുന്നണിക്കും അനിവാര്യമാണ്. അഴിമതിക്ക് എതിരെ ഉറച്ച നിലപാടും ജനപക്ഷ നിലപാടും വിഎസിനെ കേരളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറാക്കി മാറ്റിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തണമെന്ന നിലപാടാണ് ഘടകകക്ഷികള്‍ക്കും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുമുള്ളത്. എന്നാല്‍ കണ്ണൂര്‍ ലോബിക്ക് ഇതില്‍ താല്‍പര്യമില്ലെന്നാണ് അറിയുന്നത്.

© 2024 Live Kerala News. All Rights Reserved.