പരമാവധി വിലപേശും; തല്‍ക്കാലം മുന്നണി വിടില്ല; ജനതാദള്‍ യുണൈറ്റഡിന്റെ എല്‍ഡിഎഫ് പ്രവേശനം ബാലികേറാമല

കോഴിക്കോട്: യു ഡി എഫ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കാറാനുള്ള ജനതാദള്‍ യുവിന്റെ നീക്കം പരാജയപ്പെട്ടതായി സൂചന. തല്‍ക്കാലം യുഡിഎഫില്‍ നിന്ന് പരമാവധി വിലപേശി സ്ഥാനങ്ങള്‍ വാങ്ങാനാണ് പുതിയ തീരുമാനം. യുഡിഎഫ് വിട്ടാല്‍ പാര്‍ട്ടി പിളര്‍ത്തി മന്ത്രി കെ പി മോഹനനും സംഘവും എല്‍ഡിഎഫിലേക്ക് വരാതെ ഉറച്ചുനില്‍ക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് ദോഷം ചെയ്യുമെന്ന് എം പി വീരേന്ദ്രകുമാര്‍ മനസ്സിലാക്കിയിരിക്കുന്നു. പാര്‍ട്ടി പിളരുമെന്ന ഭീതിയും വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്‍കാമെന്ന യു ഡി എഫ് വാഗ്ദാനവും പരിഗണിച്ച് പഴയ അവസ്ഥയില്‍ തുടരും. മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാന കൗണ്‍സില്‍ യോഗം പുതിയ സാഹചര്യത്തില്‍ വീണ്ടും മാറ്റിവെച്ചു. ജില്ലാ കൗണ്‍സിലുകളില്‍ ഭൂരിഭാഗവും എല്‍ ഡി എഫിലേക്ക് പോകണമെന്ന് നിര്‍ദേശിച്ചെങ്കിലും പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായി കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് ഉയര്‍ന്ന ശക്തമായ എതിര്‍പ്പാണ് പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചത്. മാത്രമല്ല, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡന്റ് വി എം സുധീരനും പാര്‍ട്ടിക്ക് രാജ്യസഭാസീറ്റ് നല്‍കുമെന്ന വാഗ്ദാനവും മുന്നോട്ടുവെച്ചു. ഏപ്രില്‍ മാസം ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലൊന്ന് ജനതാദള്‍ യു വിന് നല്‍കാനാണ് കോണ്‍ഗ്രസിലെ ധാരണ. ഇതനുസരിച്ച് എം പി വീരേന്ദ്രകുമാര്‍ രാജ്യസഭയിലെത്തും. പിണറായി വിജയനും എം പി വീരേന്ദ്രകുമാറിനുമിടയില്‍ നിന്നിരുന്ന അകല്‍ച്ച മാറിയതോടെയാണ് ജനതാദള്‍ യു വിന്റെ മുന്നണി മാറ്റം സജീവ ചര്‍ച്ചയായത്. ചിന്താ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച വീരേന്ദ്രകുമാറിന്റെ പുസ്തകം പ്രകാശനം ചെയ്യാന്‍ പിണറായി വിജയന്‍ നേരിട്ടെത്തിയതോടെ ഇരുവര്‍ക്കുമിടയിലെ അകല്‍ച്ച നീങ്ങിയത്. ജനതാദള്‍ എസിന്റെ എതിര്‍പ്പ് അവഗണിച്ച് പിണറായിയും കോടിയേരിയും വീരേന്ദ്രകുമാറിനെ എല്‍ ഡി എഫിലേക്ക് പരസ്യമായി ക്ഷണിച്ചു. മുന്നണി മാറ്റ ചര്‍ച്ചകളിലേക്ക് ജനതാദള്‍ യു നീങ്ങുക കൂടി ചെയ്തതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടത്.

FL04KERALA1_1793013g

വീരേന്ദ്രകുമാറിന്റെ പാലക്കാട് തോല്‍വി അന്വേഷിച്ച യു ഡി എഫ് ഉപസമിതി റിപ്പോര്‍ട്ട് നടപ്പാക്കിയില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥലങ്ങളില്‍ പാര്‍ട്ടിയെ കാലുവാരിയെന്നുമായിരുന്നു ജനതാദള്‍യുവിന്റെ പരാതി. യു ഡി എഫ് യോഗങ്ങളില്‍ പാര്‍ട്ടി പ്രതിനിധികള്‍ ഇക്കാര്യം നിരന്തരം ഉന്നയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെയാണ് വീരേന്ദ്രകുമാറിനെ എല്‍ ഡി എഫിലേക്ക് സി പി എം നേതാക്കള്‍ നിരന്തരം സ്വാഗതം ചെയ്തത്. മുന്നണി മാറ്റം സംബന്ധിച്ച അഭിപ്രായം ആരാഞ്ഞ് എല്ലാ ജില്ലകളിലും ജനതാദള്‍ യു കൗണ്‍സില്‍ യോഗം വിളിച്ചു. കണ്ണൂര്‍, കോഴിക്കോട് ജില്ലാ കമ്മറ്റികള്‍ ഒഴികെ 12 ജില്ലാ ഘടകവും എല്‍ ഡി എഫിലേക്ക് പോകണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. ഇതിനിടെയാണ് മന്ത്രി കെ പി മോഹനന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യു ഡി എഫില്‍ തുടരുമെന്ന് പ്രഖ്യാപിച്ചത്. ഇത് വീണ്ടുമൊരു പിളര്‍പ്പിലേക്ക് നയിക്കുമെന്ന സ്ഥിതി വന്നു. പാര്‍ട്ടിക്ക് സ്വാധീനമുള്ള കണ്ണൂര്‍ ജില്ലയിലെ പാനൂര്‍, കോഴിക്കോട് ജില്ലയിലെ വടകര, ഏറമല മേഖലയില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. വീണ്ടുമൊരു മാറ്റം വന്നാല്‍ അണികള്‍ ബി ജെ പിയിലേക്ക് നീങ്ങുമെന്ന ആശങ്കപോലും ഒരു വിഭാഗം ഉയര്‍ത്തി. ഇതോടൊപ്പം രാജ്യസഭാ സീറ്റ് വാഗ്ദാനം കൂടിയെത്തിയതോടെയാണ് ജനതാദള്‍ യുവിനെ മനസ്സ് മാറ്റുന്നത്. ഉമ്മന്‍ചാണ്ടി, വി എം സുധീരന്‍ എന്നിവരും രമേശ് ചെന്നിത്തല രണ്ട് തവണയും വീരനുമായി ചര്‍ച്ച നടത്തിയിരുന്നു. എ കെ ആന്റണി ഫോണില്‍ സംസാരിച്ചതായും വിവരമുണ്ട്. പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ഘടകകക്ഷി നേതാക്കളും വീരനോട് യുഡിഎഫ് വിടരുതെന്ന് ആവശ്യപ്പെട്ടതായാണ് വിവരം. വീരന്റെ മകന്‍ എം വി ശ്രേയാംസ്‌കുമാര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ എല്‍ഡിഎഫിലേക്ക് പോകണമെന്ന നിലപാടില്‍ നിന്ന് ഇതുവരെ മാറിയിട്ടില്ല. പിണറായി വിജയനിലാണ് ഇനി കേരളത്തിന്റെ പ്രതീക്ഷയെന്ന് ശ്രേയാംസ്‌കുമാര്‍ പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൃത്യതയാര്‍ന്ന തീരുമാനമെടുക്കാനാവാതെ വീരേന്ദ്രകുമാറാണ് വെട്ടിലായത്.

© 2024 Live Kerala News. All Rights Reserved.