ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ധോനി ഒത്തുകളിച്ചെന്ന് ആരോപണം; സണ്‍ സ്റ്റാര്‍ നടത്തിയ ഒളികാമറ ഓപ്പറേഷനില്‍ ടീം മാനേജരുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: 2014 ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റില്‍ മഹേന്ദ്ര സിംഗ് ധോനി ഒത്തുകളിച്ചെന്ന് ആരോപണം. ഹിന്ദി ദിനപത്രമായ സണ്‍ സ്റ്റാര്‍ നടത്തിയ ഒളികാമറ ഓപ്പറേഷനിലാണ് ടീം മാനേജറായിരുന്ന സുനില്‍ ദേവിന്റെ വെളിപ്പെടുത്തല്‍്. നിലവില്‍ ഡെല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയാണ് സുനില്‍ദേവ്.

മാഞ്ചസ്റ്ററില്‍ തുടര്‍ച്ചയായ മഴ ആയതിനാല്‍ പിച്ച് നനഞ്ഞിരുന്നു. അതിനാല്‍ ടോസ് നേടിയാല്‍ ബൗളിംഗ് തെരഞ്ഞെടുക്കണം എന്നായിരുന്നു ടീം മീറ്റിംഗില്‍ എടുത്ത തീരുമാനം.എന്നാല്‍ ടോസ് നേടിയ ധോനി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ധോനിയുടെ തീരുമാനം എല്ലവരേയും ഞെട്ടിച്ചു എന്ന് സുനില്‍ ദേവ് പറഞ്ഞു. കളി അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേ ഇന്ത്യ ഒരു ഇന്നിംഗ്‌സിനും 54 റണ്‍സിനുമാണ് ടെസ്റ്റ് മത്സരം തോറ്റത്. ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ ജെഫ്രി ബോയ്‌കോട്ട് ധോനിയുടെ തീരുമാനത്തിന് എതിരെ അന്ന് രംഗത്തെത്തിയിരുന്നു. ധോനി ഒത്തുകളിച്ചെന്ന് ബോയ്‌കോട്ടിന് പൂര്‍ണ ബോധ്യം ഉണ്ടായിരുന്നു എന്നും സുനില്‍ ദേവ് വെളിപ്പെടുത്തുന്നു. ഇത് സംബന്ധിച്ച് ബോയ്‌കോട്ട് അന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് കത്തെഴുതിയിരുന്നു. ബിസിസിഐ പ്രസിഡന്റ് ആയിരുന്ന എന്‍ ശ്രീനിവാസന് ആയിരുന്നു കത്തെഴുതിയത്. എന്നാല്‍ ശ്രീനിവാസന്‍ നടപടി എടുത്തില്ലെന്നും മാത്രമല്ല കത്ത് പുറത്ത് പോകാതിരിക്കാന്‍ ശ്രീനിവാസന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നും എന്നും സുനില്‍ ദേവ് പറഞ്ഞു.ജീവനില്‍ ഭയമുള്ളതിനാലാണ് ഇക്കാര്യങ്ങള്‍ മുന്‍പ് വെളിപ്പെടുത്താതിരുന്നതെന്ന് ദേവ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.