കിങ് ഇല്‍ സങ്: എതിര്‍പ്പുകള്‍ക്കും വ്യവസ്ഥകള്‍ക്കും പുല്ലുവില കല്‍പ്പിച്ച് ഉത്തരകൊറിയ ഉപഗ്രഹ റോക്കറ്റ് വിക്ഷേപിച്ചു. മറ്റ് രാജ്യങ്ങളുടെ ഭീക്ഷണികള്‍ക്കും എതിര്‍പ്പുകള്‍ക്കുമിടെയാണ് ഉത്തരകൊറിയയുടെ റോക്കറ്റ് പരീക്ഷണം. പ്രാദേശിക സമയം 9.30നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഉപഗ്രഹവിക്ഷേപണത്തിന് തയ്യാറെടുക്കുന്നതായി ഉത്തരകൊറിയ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ചെടുക്കാനുള്ള ഉത്തരകൊറിയയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ ഉപഗ്രഹവിക്ഷേപണമെന്നാണ് മറ്റുരാജ്യങ്ങള്‍ വിലയിരുത്തുന്നത്. ഉത്തരകൊറിയയുടെ നീക്കത്തിനെതിരെ അമേരിക്കയും ജപ്പാനും ദക്ഷിണകൊറിയയും രംഗത്തെത്തി.ഫെബ്രുവരി 8നും 25നുമിടയില്‍ വിക്ഷേപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും കാലാവസ്ഥ അനുകൂലമായതിനാലാണ് വിക്ഷേപണം നേരത്തെയാക്കിയത്. അടിയന്തരമായി ഐക്യരാഷ്ട്ര സഭ രക്ഷാസമിതി വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരകൊറിയയുടെത് യുഎന്‍ സുരക്ഷ കൗണ്‍സില്‍ നിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ പറഞ്ഞു. കഴിഞ്ഞ മാസം 6ന് ഉത്തരകൊറിയ ആണവായുധ പരീക്ഷണം നടത്തിയിരുന്നു. 2012 ഡിസംബറിലാണ് ഉത്തരകൊറിയ ഇതിനുമുമ്പ് ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപിച്ചത്.