ബാര്‍കോഴക്കേസില്‍ എസ്.പി സുകേശനും ബിജു രമേശിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; ചില മന്ത്രിമാരുടെ പേര് വെളിപ്പെടുത്താന്‍ സുകേശന്‍ ബിജുവിനെ പ്രേരിപ്പിച്ചു

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി സുകേശനും ബിജു രമേശിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ചില മന്ത്രിമാരുടെ പേര് വെളിപ്പെടുത്താന്‍ സുകേശന്‍ ബിജുവിനെ പ്രേരണ ചെലുത്തിയതായും വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കോടതിയില്‍ നല്‍കിയ ശബ്ദരേഖയില്‍ സുകേശനെതിരായ തെളിവ് നല്‍കിയിട്ടുണ്ട്.

2014 ഡിസംബര്‍ 31ന് എറണാകുളത്തെ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ ബിജു രമേശ് നടത്തുന്ന സംഭാഷണമാണ് സീഡിയിലുള്ളത്. ബാര്‍ ഉടമകളുടെ യോഗത്തില്‍ ബിജു രമേശ് സംസാരിയ്ക്കുന്നതിന്റെ ഓഡിയോ ആണ് ഇപ്പോള്‍ സുകേശന് എതിരായിരിയ്ക്കുന്നത്. എന്നാല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ സിഡിയില്‍ നിന്നും മെമ്മറി കാര്‍ഡില്‍ നിന്നും ഈ സംഭാഷണ ഭാഗം ഡിലീറ്റ് ചെയ്തിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ ഇത് കണ്ടെത്തിയതോടെയാണ് സുകേശനെതിരെ വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. മൊഴിയെടുക്കല്‍ വേളയില്‍ സുകേശന്റേത് സൗഹാര്‍ദ പെരുമാറ്റമായിരുന്നെന്നും അദ്ദേഹവുമായി തനിക്ക് പണ്ടുമുതല്‍ അടുപ്പമുണ്ടെന്നും ബിജു പറയുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.