മലയാളികള്‍ ചര്‍ച്ച ചെയ്യുന്നത് സരിതയുടെ ശരീരത്തെക്കുറിച്ചല്ല, അഴിമതിയെക്കുറിച്ചാണ്; സുനിതാ കൃഷ്ണന് ചുട്ടമറുപടിയുമായി മാധ്യമപ്രവര്‍ത്തക

കോഴിക്കോട്: സരിത എസ് നായരുടെ ശരീരത്തെ ആഘോഷിക്കുകയാണ് കേരളത്തിലെ മാധ്യമങ്ങളെന്ന പ്രമുഖ സാമൂഹ്യപ്രവര്‍ത്തക സുനിതാ കൃഷ്ണന്റെ പരാമര്‍ശനത്തിന് ചുട്ടമറുപടി നല്‍കുകയാണ് മലയാളി മാധ്യമ പ്രവര്‍ത്തക. ഇന്നലെ മനോരമ എഡിറ്റ് പേജില്‍ പ്രസിദ്ധീകരിച്ച സുനിതയുടെ ലേഖനത്തിനെതിരെ നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ കോപ്പി എഡിറ്ററായ മനില സി മോഹനാണ് സുനിതയ്ക്ക് വ്യക്തമായ രീതിയില്‍ മറുപടി നല്‍കുന്നത്. സോളാര്‍ കേസ് യഷാര്‍ഥത്തില്‍ അഴിമതിക്കേസാണ്. അല്ലാതെ സരിതയുടെ ശരീരം ആഘോഷിക്കപ്പെടുന്നതിനല്ല മാധ്യമങ്ങള്‍ പിന്തുടരുന്നതെന്നും മനിലയുടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നു.

മനില സി മോഹന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

1506007_1737488846476497_1822190079555814555_n

പ്രിയപ്പെട്ട സുനിതാ കൃഷ്ണന്‍,
‘ ആഘോഷിക്കുന്ന മലയാളീ, ലജ്ജിക്കൂ ‘ എന്ന തലക്കെട്ടില്‍ മനോരമയില്‍ താങ്കളെഴുതിയ ലേഖനം വായിച്ചു.
ലൈംഗിക ആക്രമണങ്ങള്‍ക്ക് വിധേയരായ ആയിരക്കണക്കിന് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതുള്‍പ്പെടെ താങ്കള്‍ സമൂഹത്തോട് ചെയ്തിട്ടുള്ളതും പറഞ്ഞിട്ടുള്ളതുമായ എല്ലാ വലിയ നല്ല കാര്യങ്ങളോടുമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് പറയട്ടേ, മനോരമ ലേഖനം അങ്ങേയറ്റം അരാഷ്ട്രീയവും സ്ത്രീ വിരുദ്ധവുമാണ്. ഒപ്പം ഉമ്മന്‍ ചാണ്ടി എന്ന മുഖ്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ എന്ന സംവിധാനത്തിന്റെ ഭരണത്തെപ്പറ്റി താങ്കള്‍ പുലര്‍ത്തിയ ബുദ്ധിപരമായ മൗനം പ്രശംസനീയവുമാണ്.
താങ്കള്‍ പറഞ്ഞല്ലോ ‘മാനഭംഗം’ നേരിട്ടിട്ടുണ്ടെങ്കില്‍ കേസ് കൊടുക്കുകയായിരുന്നു വേണ്ടത് എന്ന്. മുഖവും പേരുമില്ലാത്ത ഇരകളിലൊരാളാവാന്‍ മനസ്സില്ലെന്ന് പറഞ്ഞ് സരിത നടത്തുന്ന ഈ പോരാട്ടമുണ്ടല്ലോ ? അവര്‍ കൈക്കുലി കൊടുത്തിട്ടുണ്ടെന്നും വ്യവസായ ആവശ്യങ്ങള്‍ക്ക് സഹായം കിട്ടുന്നതിനായി പലരുമായും ശാരീരിക ബന്ധം പുലര്‍ത്തിയിട്ടുണ്ടെന്നും പറഞ്ഞു കൊണ്ട് തന്നെ നടത്തുന്ന പോരാട്ടം. ഞങ്ങള്‍ മലയാളികള്‍ക്ക് ലജ്ജ തോന്നുന്നത് അതിലേക്ക് അവരെ നയിച്ച വ്യവസ്ഥയോടാണ് . അല്ലാതെ ആ സ്ത്രീയോടല്ല.
മലയാളികള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് അഴിമതിയെക്കുറിച്ചാണ്, സരിത എസ്.നായരുടെ ശരീരത്തെക്കുറിച്ചല്ല . പക്ഷേ താങ്കളിപ്പോഴും അവരുടെ ശരീരത്തെക്കുറിച്ച് മാത്രം പറയുന്നതു കേള്‍ക്കുമ്പോള്‍ താങ്കളോട് ലജ്ജ തോന്നുന്നുണ്ട്.
സരിത ഇനിയെങ്ങാന്‍ മാളുകള്‍ ഉദ്ഘാടനം ചെയ്യുമോ? സിനിമയില്‍ അഭിനയിക്കുമോ? എന്നൊക്കെയുള്ള നിലവാരമില്ലാത്ത ആശങ്കകളാണോ താങ്കളെപ്പോലുള്ള ഒരാള്‍ പങ്കു വെക്കേണ്ടത്? അവര്‍ അഭിനയിക്കട്ടന്നേ .. ഉത്ഘാടനങ്ങളും നടത്തട്ടെ. സരിതയെ ‘ ഹെലിബ്രിറ്റി ‘ എന്ന് വിശേഷിപ്പിച്ച് മറ്റുള്ളവരുടെ ജീവിതം നരകമാക്കുന്നയാള്‍ എന്ന് താങ്കള്‍ വിശദീകരണം നല്‍കിയല്ലോ? ആ മറ്റുളളവര്‍ ആരാണ് എന്ന് താങ്കള്‍ക്കും മലയാളികള്‍ക്കും വളരെ നന്നായി അറിയാം എന്നതാണ് സത്യം .
താങ്കളുടെ മറ്റൊരു ആശങ്ക ‘ഒരു സ്ത്രീ കേരളത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തുന്നു, ഒരു സ്ത്രീയുടെ ബ്ലാക്ക്‌മെയിലിങ്ങിന്റെ പേരിലാണ് കേരളം ഇപ്പോള്‍ അറിയപ്പെടുന്നത് …’ എന്നൊക്കെയാണ്. മുള്‍മുനയില്‍ നിര്‍ത്തിയതും ബ്ലാക് മെയില്‍ ചെയ്യുന്നതും ‘ സ്ത്രീ ‘ ആയതാണോ താങ്കളുടെ പ്രശ്‌നം? അതോ മുള്‍മുനയില്‍ നിര്‍ത്താനും ബ്ലാക് മെയില്‍ ചെയ്യാനുമുണ്ടായ കാരണങ്ങളോ? ഒരു പുരുഷനായിരുന്നു ഇതെല്ലാം ചെയ്തത് എങ്കില്‍ താങ്കള്‍ക്ക് ഇത്രയും ആശങ്ക തോന്നുമായിരുന്നില്ലേ?
ബാര്‍ കോഴക്കേസ്, ബിജു രമേശ് തുടങ്ങിയ പേരുകള്‍ താങ്കള്‍ക്ക് അറിയാമോ? സമാനമായ വെളിപ്പെടുത്തലുകളും ബ്ലാക് മെയിലിങ്ങും മുള്‍മുനയില്‍ നിര്‍ത്തലും രാജിയുമൊക്കെ അതിലും നടന്നു, നടക്കുന്നുണ്ട്. മാധ്യമങ്ങള്‍ ഇതുപോലെത്തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിജു രമേശിനെ പ്രതി താങ്കള്‍ക്ക് ഇത്തരം ആശങ്കകളൊന്നും കണ്ടില്ല!
സോളാര്‍ കേസും കേരള രാഷ്ട്രീയവും താങ്കള്‍ തുടക്കം മുതല്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല എന്ന് കരുതുന്നു. അല്ലെങ്കില്‍ സരിത എസ്. നായരുടെ ശരീരത്തെ മാത്രം കേന്ദ്രീകരിച്ച് ഒരു രാഷ്ട്രീയ, അഴിമതി വിഷയത്ത വിശകലനം ചെയ്യാന്‍ താങ്കള്‍ തയ്യാറാവില്ലായിരുന്നു. അത്തരം വിശകലനങ്ങള്‍ ഇപ്പോള്‍ നടത്തുന്നത് അഴിമതി ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുള്‍പ്പെട്ട സംഘവും അവരെ പിന്‍തുണയ്ക്കുന്നവരും മാത്രമാണ്.
സംരംഭകയായ സരിത എസ്.നായര്‍ എന്ന സ്ത്രീ കൂടി ഉള്‍പ്പെട്ട അഴിമതിക്കേസാണ് സോളാര്‍ക്കേസ്. മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങി ‘സെലിബ്രിറ്റികളും ‘ ‘ഹീറോ’ കളുമായ നിരവധി പ്രമുഖര്‍ ഈ അഴിമതിക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഞ്ച് വര്‍ഷം മുന്‍പ് മലയാളികള്‍ വോട്ട് ചെയ്ത് തെരഞ്ഞെടുത്ത ജനപ്രതിനിധികളാണ് അവര്‍. സരിത എസ്. നായര്‍ എന്ന വ്യവസായ സംരംഭക കേരളത്തിലെ ജനങ്ങളോ മാധ്യമങ്ങളോ തെരഞ്ഞെടുത്ത ജനപ്രതിനിധിയല്ല. മലയാളികള്‍ ലജ്ജിക്കേണ്ടത് ഇത്തരം ‘ആണു ‘ങ്ങളാല്‍ ഭരിക്കപ്പെടുന്നു എന്നതുകൊണ്ടാണ്.
സ്ത്രീകളെ, സ്ത്രീ ശരീരങ്ങളുടെ പല തരം ദുരന്തങ്ങളെ അടുത്തറിഞ്ഞിട്ടുള്ള താങ്കളെപ്പോലുള്ള ഒരാള്‍ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നു എന്ന് ബഹുമാനത്തോടെത്തന്നെ പറയട്ടെ.

© 2024 Live Kerala News. All Rights Reserved.