പുഷ്പാഞ്ജലി ഇല്ലാതെ ക്ഷേത്രത്തില്‍ ഷബീറിനായി സ്‌നേഹാഞ്ജലി; സഹോദര മതസ്ഥന് ആദരാഞ്ജലി നേരാന്‍ ക്ഷേത്രനട അടച്ചിട്ടു

ആറ്റിങ്ങല്‍: പട്ടാപകല്‍ ഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷബീറിന് വേണ്ടി പൂജാദികര്‍മ്മങ്ങള്‍പോലും മാറ്റിവച്ച് വക്കം പുത്തന്‍നട ദേവീശ്വര ക്ഷേത്രക്കമ്മിറ്റി സ്‌നേഹാഞ്ജലി നേര്‍ന്നു. മലയാളിയുടെ ഒരിക്കലും വറ്റാത്ത സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ഉദാത്തമായ ദൃഷ്ടാന്തമെന്ന് നമുക്കിതിനെ വിശേഷിപ്പിക്കാം. അസഹിഷ്ണുതയുടെ കാലത്തെ മാതൃകാ നടപടി. രണ്ട് ദിവസത്തോളം ക്ഷേത്രം അടച്ചിട്ടു. തലസ്ഥാന ജില്ലയിലെ വക്കത്തുനിന്നാണ് ഈ ഹൃദയാഞ്ജലിയുടെ വാര്‍ത്തകള്‍ സുമനസുകള്‍ക്ക് ആശ്വാസം പകരുന്നത്. ഷബീറിന്റെ ജീവന്‍ അകാലത്തില്‍ പൊലിഞ്ഞതല്ല. ഒരു സംഘം സമൂഹ വിരുദ്ധര്‍ നടുറോഡില്‍ മൃഗീയമായി അടിച്ചുകൊന്നതാണ്. കൊന്നവര്‍ ‘സ്വസമുദായക്കാര്‍’ ആണെങ്കിലും ക്ഷേത്രവിശ്വാസികള്‍ക്ക് സഹോദരനും മകനും സുഹൃത്തും എല്ലാം ഷബീര്‍ ആണ്. കാരണം ഷബീറിനെ കൊല്ലാന്‍ ഈ സമൂഹവിരുദ്ധര്‍ തുനിഞ്ഞിറങ്ങിയതിന് പിന്നില്‍ ക്ഷേത്രത്തിലെ ഉല്‍സവം അലങ്കോലപ്പെടുത്താന്‍ നടത്തിയ ശ്രമമമായിരുന്നു. ഉല്‍സവം നടക്കവെ എഴുന്നള്ളത്തിന് കൊണ്ടുവന്ന ആനയുടെ വാല്‍പിടിച്ചുവലിച്ച് മദമിളക്കിവിടാന്‍ ശ്രമിച്ചു. ഇത് ഷബീര്‍ കണ്ടു. ബന്ധപ്പെട്ടവരെ അറിയിച്ചു. അതാണ് കാരണം. അത് മാത്രം. ഷബീര്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി ക്ഷേത്രം ആഘോഷക്കമ്മിറ്റിയില്‍ അംഗമാണ്. തികച്ചും മതനിരപേക്ഷമായി വിശ്വാസത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസികള്‍. ഷബീര്‍ എന്നാല്‍ ഷബീര്‍ മാത്രമാകുന്ന കാലത്താണ് സഹോദരമതസ്ഥനായി ക്ഷേത്ര നടപോലും രണ്ട് ദിനം കൊട്ടിയടക്കപ്പെട്ടത്.

© 2024 Live Kerala News. All Rights Reserved.