കുമ്മനം നേമത്തും വി മുരളീധന്‍ കഴക്കൂട്ടത്തും പി കെ കൃഷ്ണദാസ് കാട്ടാക്കടയിലും കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും സ്ഥാനാര്‍ഥികളായേക്കും; ബിജെപി കോര്‍ കമ്മിറ്റിയില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചയും

കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ആലുവയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം പുരോഗമിക്കുമ്പോഴാണ് കേരളത്തിലെ സ്ഥനാര്‍ഥികളുടെ പേരുകള്‍ പുറത്തേക്ക് വരുന്നത്. നേതാക്കള്‍ മല്‍സരിക്കേണ്ട മണ്ഡലങ്ങളുടെ കാര്യത്തില്‍ ഏകദേശ ധാരണയായതായാണ് സൂചന. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേമത്തും മുന്‍ അധ്യക്ഷന്‍മാരായ വി. മുരളീധരന്‍ കഴക്കൂട്ടത്തും പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കെ. സുരേന്ദ്രന്‍ കാസര്‍കോട്ടോ മഞ്ചേശ്വരത്തോ മല്‍സരിക്കും. മഞ്ചേശ്വരത്താണ് കൂടുതല്‍ സാധ്യത. അന്തിമ ധാരണയുണ്ടാക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി 15 അംഗ സമിതിയെ നിയോഗിക്കും.അതേസമയം, മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ മല്‍സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. എന്നാല്‍, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.