ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തീരുമാനിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസിലെ ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇരുവരും ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. തങ്ങള്‍ക്കെതിരെയുള്ള ഹൈക്കോടതി പരാമര്‍ശങ്ങള്‍ മുന്‍വിധിയോടുകൂടിയുള്ളതാണെന്ന് ഇരുവരും പറയുന്നു. ഇതിനിടെ, തന്റെ വാദം കേള്‍ക്കാതെ സോണിയയ്ക്കും രാഹുലിനും അനുകൂലമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതിരിക്കാന്‍ അനുമതി തേടിക്കൊണ്ട് പരാതിക്കാരനായ സുബ്രമണ്യം സ്വാമി സുപ്രിം കോടതിക്കു കേവിയറ്റ് സമര്‍പ്പിച്ചു. 5,000 കോടി രൂപയുടെ തിരിമറിയാണ് ഇരുവരും നടത്തിയതെന്ന് സ്വാമിയുടെ പരാതിയില്‍ പറയുന്നു. സ്വാമിയുടെ ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 26ന് കോടതി ഇരുവര്‍ക്കും സമന്‍സ് അയച്ചിരുന്നു. 2015 ഡിസംബര്‍ 10ന് ദല്‍ഹി കോടതി സോണിയയുടെയും രാഹുലിന്റെയും ഹര്‍ജി തള്ളുകയും വിചാരണ കോടതിക്കുമുന്‍പാകെ നേരിട്ട് ഹാജരാവാന്‍ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 19 ന് ഇരുവരും കോടതിയില്‍ ഹാജരായിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ സുപ്രീകോടതിയെ സമീപിക്കുന്നത്.