സീസറുടെ ഭാര്യ തത്വം കോടതിക്ക് ബാധകം; ജുഡീഷ്യറിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം

കോഴിക്കോട്: സീസര്‍ മാത്രമല്ല സീസറിന്റെ ഭാര്യയും സംശയങ്ങള്‍ക്ക് അതീതമാണെന്ന തത്വം കോടതികള്‍ക്കും ബാധകമാണെന്നും കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം പറയുന്നു.ജനാധിപത്യ സമൂഹത്തില്‍ ജൂഡീഷ്യറി വിമര്‍ശനാതീതമാണോ എന്ന തലക്കെട്ടില്‍ വീക്ഷണം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ജുഡീഷ്യറിയും വിമര്‍ശനത്തിന് അതീതരല്ലയെന്ന് അഭിപ്രായപ്പെട്ടത്. ജനാധിപത്യത്തിന്റെ നെടുംതൂണുകളായ ലെജിസ്ലേറ്റീവും എക്‌സിക്യൂട്ടീവും വിമര്‍ശന വിധേയമെങ്കില്‍ ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല. കേസുമായി ബന്ധമില്ലാതെ ന്യായാധിപന്‍മാര്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളെയും നിരീക്ഷണങ്ങളെയും വിമര്‍ശിക്കുന്നത് എങ്ങനെ കോടതിയലക്ഷ്യമാകുമെന്ന് വീക്ഷണം ചോദിക്കുന്നു.

ജഡ്ജിമാരുടെ ലോകത്തും രൂക്ഷമായ വിഭാഗീയതകളുണ്ട്. ന്യായാധിപന്‍മാര്‍ പരിധിയില്‍പ്പെടാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയുന്നു. ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്‍മാര്‍. പരമാധികാരം ജനങ്ങള്‍ക്കാണെന്നും വീക്ഷണം അഭിപ്രായപ്പെട്ടു. ജുഡീഷ്യല്‍ സമ്പ്രദായം പരിപൂര്‍ണമായും ശുദ്ധമാണെന്നും ന്യായാധിപന്‍മാര്‍ വിശുദ്ധപശുക്കളാണെന്നും ആരും കരുതുന്നില്ല. സമൂഹത്തെ ബാധിച്ച മൂല്യച്യുതിയില്‍ നിന്ന് നിയമലോകം മുക്തമല്ല. നീതിപീഠങ്ങള്‍ കര്‍ത്തവ്യങ്ങളില്‍ നിന്ന് വിമുഖരാവുകയോ നിര്‍ഭയത്വം വെടിയുകയോ ചെയ്യുമ്പോഴാണ് ജനങ്ങള്‍ അസ്വസ്ഥരാകുന്നതും വിമര്‍ശനമുയരുന്നതും.

© 2023 Live Kerala News. All Rights Reserved.