സിക്കാ വൈറസ് പടര്‍ന്നുപിടിക്കുന്നു; അന്താരാഷ്ട്ര ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു; വിദേശയാത്രകള്‍ ഒഴിവാക്കണം

വാഷിംഗ്ടണ്‍: സിക്കാ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൂടുതല്‍ രാജ്യങ്ങളില്‍ സിക്കാ വൈറസ് കാണപ്പെട്ട സാഹചര്യത്തിലാണ് നടപടി. സിക്കാവൈറസ് പടരുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാനും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്. അതേ സമയം വൈറസിനെ പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങളുടെ സംയോജിത നീക്കം വേണമെന്ന നിലപാടും ലോകാരോഗ്യ സംഘടന മുന്നോട്ട് വെച്ചു.ബ്രസീലില്‍ ജനിച്ചു വീണ കുട്ടികളിലും വൈറസ് മൂലമുള്ള വൈകല്യങ്ങള്‍ കണ്ടെത്തിയിരുന്നു. ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി സിക്ക വൈറസ് നാശം വിതക്കുന്ന സാഹചര്യത്തില്‍ കൂട്ടായ നീക്കമാണ് ആവശ്യമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ് ചാന്‍ വിലിയിരുത്തി. എബോള വൈറസ് ബാധ പടര്‍ന്നുപിടിച്ചപ്പോഴുണ്ടായ അതേ ആശങ്കയാണ് സിക്കയുടെ കാര്യത്തിലുമുള്ളത്. എബോളയെ ആഗോള അടിയന്തരവാസ്ഥയായി പ്രഖ്യാപിക്കുന്നതില്‍ കാലതാമസം വരുത്തിയതിന് ലോകാരോഗ്യ സംഘടന രൂക്ഷമായ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. പ്രതിരോധ മരുന്ന് കണ്ടെത്താത്ത സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കൊതുക് വഴിയാണ് രോഗം പടരുന്നത്.