പ്രധാനമന്ത്രി നരേന്ദ്രമോഡി കോഴിക്കോട്ടെത്തി;കനത്ത സുരക്ഷാക്രമീകരണങ്ങള്‍

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നു ആഗോള ആയുര്‍വേദ ഫെസ്റ്റിവെല്‍ ഉദ്ഘാടനം ചെയ്യും. ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനത്തിനാണു പ്രധാനമന്ത്രി കോഴിക്കോട്ടെത്തുന്നത്. പ്രധാനമന്ത്രിയായശേഷം മോദിയുടെ ആദ്യ കോഴിക്കോടു സന്ദര്‍ശനമാണിത്. ആയുര്‍വേദ ഫെസ്റ്റിവലില്‍ ചെലവഴിക്കുന്ന 50 മിനിറ്റുള്‍പ്പെടെ ഒന്നര മണിക്കൂര്‍ മാത്രമാണു പ്രധാനമന്ത്രി കേരളത്തില്‍ ഉണ്ടാവുക. കനത്ത സുക്ഷാക്രമീകരണങ്ങളാണ് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ ഒമ്പതര മുതല്‍ പ്രധാനമന്ത്രി തിരിച്ചുപോകുന്നത് വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി സഞ്ചരിക്കുന്ന നാലു കിലോമീറ്റര്‍ പാതയിലൂടെയുള്ള ഗതാഗതം രാവിലെ ഒമ്പതര മുതല്‍ പൂര്‍ണമായും നിരോധിക്കും. രാവിലെ 11.50നു വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങും. ഇവിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്നു ഹെലികോപ്റ്ററില്‍ 12.05നു വെസ്റ്റ്ഹില്‍ വിക്രം മൈതാനത്ത് എത്തും. അവിടെ നിന്നു കാര്‍ മാര്‍ഗം, സമ്മേളനസ്ഥലമായ സ്വപ്നനഗരിയില്‍ എത്തും. ഉദ്ഘാടന ചടങ്ങിനുശേഷം 12.55നു മടങ്ങുന്ന പ്രധാനമന്ത്രി 1.10നു കരിപ്പൂരിലേക്കു തിരിക്കും. പഴുതടച്ച സുരക്ഷയാണ് പ്രധാനമന്ത്രിയുടെ കോഴിക്കോട് സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

© 2023 Live Kerala News. All Rights Reserved.