കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന എട്ടാമത് രാജ്യാന്തര ഡോക്യുമെന്ററി – ഹ്രസ്വചിത്രമേള 2015 ജൂണ്‍ 26 മുതല്‍ 30 വരെ

കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന എട്ടാമത് രാജ്യാന്തര ഡോക്യുമെന്ററി – ഹ്രസ്വചിത്രമേള 2015 ജൂണ്‍ 26 മുതല്‍ 30 വരെ തിരുവനന്തപുരത്ത് നടക്കും. കൈരളി, ശ്രീ, നിള എന്നീ തീയേറ്ററുകളിലായിരിക്കും പ്രദര്‍ശനം.

മേളയില്‍ 35 രാജ്യങ്ങളില്‍ നിന്നുള്ള 210 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ദേശീയതലത്തില്‍ ഷോര്‍ട്ട് ഫിക്ഷന്‍, ഡോക്യുമെന്ററി, മ്യൂസിക വീഡിയോ എന്നീ വിഭാഗങ്ങളിലുള്ള മത്സരവും സംസ്ഥാന തലത്തില്‍ ക്യാമ്പസ് ഫിലിം വിഭാഗത്തിലുള്ള മത്സരവും ഉണ്ടാകും. 700 എന്‍ട്രികളില്‍ നിന്നായി 124 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത് . ഈ സിനിമകളെ പ്രതിനിധീകരിച്ച് 140 സംവിധായകരും മേളയില്‍ പങ്കെടുക്കും.

അനിമേഷന്‍ ചിത്രങ്ങൾക്കാണ് ഇത്തവണ മേളയിൽ പ്രാധാന്യം നൽകിയിരിക്കുന്നത് . വര്‍ക്ക്ഷോപ്പുകളും മാസ്റ്റര്‍ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട് . ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പ്രമുഖ ഇന്ത്യന്‍ സംവിധായകന്‍ അമിത് ദത്തയുടെ ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത് .

കണ്‍ട്രി ഫോക്കസ് വിഭാഗത്തിൽ ഇത്തവണ കൊറിയൻ ചിത്രങ്ങൾക്കാണ് പ്രാമുഖ്യം നൽകിയിരിക്കുന്നത് . 2014 – 2015ലെ മികച്ച കൊറിയന്‍ ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദർശിപ്പിക്കും.

ഓഡ്രിയസ് സ്റ്റോണീസ്, ആരി അലന്‍സണ്‍, അള്‍ത്താഫ് മസീദ്, ആര്‍ വി രമണി, അശോക് വിശ്വനാഥന്‍, വേണു എന്നീ പ്രമുഖര്‍ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ ജൂറി. മേളയുടെ രജിസ്ട്രേഷന്‍ www.iffk.in-ല്‍ തുടങ്ങി .

© 2024 Live Kerala News. All Rights Reserved.