കാപു സമുദായക്കാര്‍ സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭം അക്രമത്തില്‍ കലാശിച്ചു; പൊലീസ് സ്റ്റേഷനുകള്‍ക്കും ട്രെയിനിനും തീയിട്ടു

ഹൈദരാബാദ്:  ആന്ധ്രപ്രദേശിലെ ടുനി നഗരത്തില്‍ കാപു സമുദായക്കാര്‍ സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭം അക്രമത്തില്‍ കലാശിച്ചു. ഹൈവേകളും റയില്‍വേ ലൈനുകളും ബ്ലോക്ക് ചെയ്തായിരുന്നു കാപു വിഭാഗക്കാര്‍ സമരം നടത്തിയിരുന്നത്. ദേശീയപാത 16 ബ്ലോക്ക് ചെയ്ത പ്രവര്‍ത്തകര്‍ രണ്ടു പൊലീസ് സ്റ്റേഷനുകള്‍ക്കും തീയിട്ടിരുന്നു. 25 ഓളം വാഹനങ്ങളും കത്തിച്ചു. അക്രമാസക്തരായ പ്രവര്‍ത്തകര്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥരെയും മര്‍ദിച്ചു.

കാപുസമുദായത്തെ പിന്നാക്ക സമുദായമായി പരിഗണിക്കണമെന്നും സംവരണം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെ മുന്‍മന്ത്രിയും കാപു സമുദായ നേതാവുമായ മുദ്രഗദ പത്മനാഭ് നേതൃത്വം നല്‍കിയ യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് പ്രക്ഷോഭക്കാര്‍ ടുനി നഗരത്തില്‍ സമ്മേളിച്ചത്. കാപു സമുദായത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവുന്നില്ലെങ്കില്‍ ഉപരോധം അവസാനിപ്പിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് എം. പത്മനാഭന്‍ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമത്തെ തുടര്‍ന്ന് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു അടിയന്തിര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കാപുസമുദായത്തിന് സംവരണം നല്‍കാന്‍ താന്‍ പതിജ്ഞാബദ്ധനാണെന്നും എന്നാല്‍ കോടതിയുടെ സൂക്ഷ്മ പരിശോധന ഇല്ലാതെ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ സാധിക്കില്ല എന്നും മുഖ്യമന്ത്രി അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.