എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ഇനിയും അകലെ; പട്ടിണിസമരത്തിന്റെ സാഹചര്യവും അധികാരികളുടെ വാഗ്ദാനലംഘനവും

വീണ വത്സന്‍

veenu

വിഷമഴ പെയ്തിറങ്ങിയ കാസര്‍ക്കോടന്‍ ജനതയുടെ ദുരിതവും ദുരന്തവും നാം പലതവണ കണ്ടതും ചര്‍ച്ച ചെയ്തതുമാണ്. എന്‍ഡോസള്‍ഫാന്‍ എന്ന മാരകകീടനാശിനി കാസര്‍ക്കോട്ടെ കശുവണ്ടി തോട്ടങ്ങളില്‍ പെയ്തിറങ്ങിയപ്പോള്‍ ഒരു ജനതയുടെ ജീവിതത്തിന് മേലാണിത് ദുരിതമഴയായി പതിച്ചത്. പിന്നീട് ഈ മണ്ണില്‍ പിറന്നുകുട്ടികളുടെ ശാരീരികാവസ്ഥ മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന്റെ മന:സാക്ഷിക്ക് മുന്നില്‍ ചോദ്യചിഹ്നമായി അവശേഷിച്ചു. കണ്ണുതുറക്കാത്ത അധികാര കേന്ദ്രങ്ങളുടെ മനുഷ്യത്വമില്ലായ്മയുടെ നേര്‍ചിത്രങ്ങളായാണ് അവര്‍ ഇന്നും ജീവിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതകര്‍ക്ക് പ്രഖ്യാപിച്ച പദ്ധതികള്‍ പതിവ് സര്‍ക്കാര്‍ വാഗ്ദാനങ്ങളുടെ പട്ടികയില്‍ ഇടംനേടിയപ്പോള്‍ ചരിത്രപരമായ അനീതിയായി ഇത് സര്‍ക്കാറിന് പൊതുസമൂഹത്തിനും മുന്നിലുണ്ട്. എന്‍ഡോസള്‍ഫാന്‍ പതിച്ച മണ്ണില്‍ പിറന്നുവീണ കുരുന്നുകളെ നിങ്ങള്‍ക്ക് ഓര്‍മ്മയിലെവിടെയെങ്കിലുമുണ്ടങ്കില്‍, ഇവിടെ ജീവിക്കുന്ന മനുഷ്യരുടെ ദൈന്യതയാര്‍ന്ന മുഖങ്ങള്‍ നിങ്ങള്‍ മറന്നില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി പ്രഖ്യാപിച്ച ആശ്വാസദായകപദ്ധതികള്‍ നല്‍കണം. സരിതയുടെ പാവാടത്തുമ്പില്‍ ആടിയുലയുന്നൊരു സര്‍ക്കാറിന് സെക്രട്ടറിയേറ്റിന് മുന്നിലെ പട്ടിണിപ്പാവങ്ങളെ ശ്രദ്ധിക്കാന്‍ സമയം വേണ്ടെ? ജീവിക്കാനുള്ള അവകാശത്തിനായി പോരാടുകയാണ ഇരകള്‍. ‘ഇവരുടെ സംരക്ഷണം നമ്മുടെ കടമ’ എന്ന തലക്കെട്ടില്‍ സര്‍ക്കാര്‍ പത്രങ്ങളില്‍ ഭീമകാര പരസ്യം നല്‍കിയതൊഴിച്ചാല്‍ ഇവര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്തു.എല്‍ഡിഎഫ് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയതിനേക്കാള്‍ കൂടുതല്‍ ക്ഷേമപദ്ധതികള്‍ ള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയെന്ന് അവകാശപ്പെടുകൊണ്ട് കോടികളുടെ കണക്ക് പറഞ്ഞു കൊണ്ടുള്ളതാണ് ഈ പരസ്യം. ഏറെക്കുറെ എല്ലാ പത്രങ്ങളിലും എല്ലാ എഡിഷനിലും പരസ്യം നല്‍കാന്‍ കോടികള്‍ പൊടിച്ചെന്നല്ലാതെ പതിവ് പോലെ വാഗ്ദാനം അതിവേഗം ബഹദൂരം. സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് കോടികള്‍ ചിലവഴിച്ചത്? 2014 ജനുവരി 26 ന് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ പട്ടിണിസമരം നടത്തിയപ്പോള്‍ സര്‍ക്കാര്‍ ചില വാഗ്ദാനങ്ങള്‍ നല്‍കി. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കും, പുനരധിവാസ പദ്ധതികള്‍ പൂര്‍ത്തിയാക്കും, ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളും എന്നിവയായിരുന്നു രണ്ടു വര്‍ഷ മുന്‍പ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത സംയുക്ത സമിതി സെക്രട്ടറിയേറ്റിനു മുന്നില്‍ സമരവുമായി വീണ്ടും എത്തിയത്.

12660353_977054549045110_1144423500_n

ഇരകളുടെ ജീവിതം

വിഷമഴ പെയ്ത ഭൂമിയില്‍ ഇവര്‍ക്ക് നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നമായി. ശാരീരിക വൈകല്യങ്ങളും കാന്‍സര്‍ ബാധിതരും മാനസിക വൈകല്യമുള്ളവരുമായി നിരവധി ജീവനുകളാണ് ഇപ്പോള്‍ ജീവിതം തള്ളി നീക്കുന്നു. മരുന്നുകള്‍ക്കപ്പുറം ദുരിതബാധിതര്‍ക്ക് ആശ്വാസമേകുന്ന പദ്ധതികള്‍ കൊണ്ടുവരണമെന്നാണ് കാസര്‍കോടെ ജനത ഒരേ ശബ്ദത്തില്‍ പറയുന്നത്്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ ഇടപെടലുകള്‍ ദുരിതബാധിതര്‍ക്കിടയില്‍ വെളിച്ചം വീശിയപ്പോള്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് പ്ലാന്റെഷന്‍ തോട്ടങ്ങളുടെ പരിധിയില്‍പ്പെടുത്തുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതാണ് പ്രതിഷേധങ്ങള്‍ കൊടിപൊക്കുന്നതിന്റെ ആദ്യ കാരണങ്ങളിലൊന്ന്. എന്നാല്‍ നിരവധി സമരങ്ങള്‍ക്ക് ശേഷം ഏറ്റവുമൊടുവില്‍ നടന്ന സെല്‍ യോഗത്തില്‍ മറ്റു പഞ്ചായത്തുകളിലെ 284 പേരെ ദുരിതബാധിതപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറായെന്നത് ശ്രദ്ധേയമായ നടപടിയായിയെന്ന്് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇതിലും ഏത്രയോ ഇരട്ടി ആളുകള്‍ മറ്റു പഞ്ചായത്തുകളില്‍ നരക ജീവിതം നയിക്കുന്നുണ്ട് എന്നതാണ് വസ്തുത. അവസാനമായി 2013 ആഗസ്തില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുത്ത 337 പേരെ കൂടി ദുരിതബാധിത പട്ടികയിലുള്‍പ്പെടിത്തിയതാണ് ഏറ്റവും അവസാനമായി ഉണ്ടായ സര്‍ക്കാര്‍ നടപടി. ഇവരില്‍ 300 ലധികം പേര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള സഹായങ്ങള്‍ ലഭിക്കുകയും ചെയ്യും. പക്ഷെ ഈ കണക്കില്‍ ദുരിതബാധിത പ്രദേശമായി കണ്ടെത്തിയ 11 പഞ്ചായത്തുകള്‍ക്ക് പുറത്തുള്ള 55 പേര്‍ മാത്രമേ ഉള്ളൂ. ആഗസ്തിലെ ക്യാമ്പ് നടത്തിയത് തന്നെ മറ്റു പഞ്ചായത്തുകളിലെ ദുരിതബാധിതര്‍ക്ക് കൂടി ചികിത്സ ഉള്‍പ്പെടെ ലഭ്യമാക്കണമെന്ന നിരന്തര ആവശ്യങ്ങള്‍ക്ക് ശേഷമാണെന്നത് പുതിയ പട്ടികയുടെ കൂടെ ചേര്‍ത്തു വായിക്കണം. നേരത്തെ ഉണ്ടായിരുന്ന 4182 പേരുടെ പട്ടികയില്‍ മറ്റു പഞ്ചായത്തുകളില്‍ ആണെന്നതിന്റെ പേരില്‍ ചികിത്സ ഉള്‍പ്പെടെ ലഭ്യമാകാതിരുന്ന 229 പേര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത മുഴുവന്‍ സഹായങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും കൂടി എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ യോഗത്തില്‍ മന്ത്രി പ്രഖ്യാപിച്ചുവെന്നത് ശ്രദ്ധേയമാണ്. മൊഗ്രാല്‍ പൂത്തൂര്‍ ഒഴികെയുള്ള കാസര്‍കോട്ടെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും നഗരസഭകളില്‍ നിന്നുമുള്ള ദുരിതബാധിതരാണ് 229 പേര്‍. കഴിഞ്ഞ ആഗസ്തിലെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തവരില്‍ 128 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സാമ്പത്തിക സഹായവും, 935 കുട്ടികള്‍ക്ക് പ്രത്യേക ചികിത്സാ പദ്ധതിയും, 249 അര്‍ബുദ ബാധിതര്‍ക്ക് കാന്‍സര്‍ സെന്ററുകളിലെ ചികിത്സയും സെല്‍ യോഗത്തില്‍ പ്രഖ്യാപിക്കപ്പെട്ടു. സമരമുഖത്തുള്ള എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ പ്രതിഷേധത്തിന് ശമനമുണ്ടാക്കുക എന്നതില്‍ ഒരു തരത്തില്‍ അധികൃതര്‍ വിജയിച്ചു.

endosulfanvictim

അധികാരികളുടെ വേട്ടക്കാരന്‍ മനോഭാവം
ഇത്രയൊക്കെ ചെയ്തുവെങ്കിലും 11 പഞ്ചായത്തുകള്‍ക്ക് പുറത്തുള്ള ദുരിതബാധിതര്‍ പട്ടികയില്‍പെടണമെങ്കില്‍ അവര്‍ മുന്‍പ് മേല്‍പ്പറഞ്ഞ പഞ്ചായത്തുകളുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധം വേണമെന്ന നിര്‍ബന്ധ ബുദ്ധി അധികൃതര്‍ക്കുണ്ടെന്നാണ് ഉയര്‍ന്നു വരുന്ന പ്രധാന ആക്ഷേപം. പല ദുരിതബാധിതര്‍ക്ക് മുന്നിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഈ ആവശ്യം ഉന്നയിച്ചിട്ടുമുണ്ട്. മെച്ചപ്പെട്ട ചികിത്സയും മറ്റാനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് കാസര്‍കോട് ചെറുവത്തൂരിലെ തമ്പാനും കുടുംബവും ആശുപത്രി മുറിയില്‍ ആത്മഹത്യ ചെയ്യുന്നത്. വൈകല്യങ്ങളേറെയുള്ള തമ്പാന്റെ മകന്‍ കാര്‍ത്തിക് ദുരിതബാധിത പട്ടികയ്ക്ക് പുറത്തായിരുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടത്തിന് അടുത്താണെങ്കിലും ചെറുവത്തൂര്‍ 11 പഞ്ചായത്തുകളില്‍ പെടാത്തതിനാല്‍ സഹായങ്ങള്‍ നിഷേധിക്കപ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്. നേരത്തെ നടന്ന മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുത്തിരുന്നെങ്കിലും പഞ്ചായത്തുകളുടെ അതിര്‍ത്തിക്കു പുറത്താണെന്ന കാരണത്താലാണ് കാര്‍ത്തിക് എന്ന പത്തു വയസുകാരന്‍ ദുരിതബാധിത പട്ടികക്ക് പുറത്ത് പോയത്. മകന്റെ ദുരിതജീവിതം സഹിക്ക വയ്യാതെയാണ് തങ്ങള്‍ ആത്മഹത്യ ചെയ്യുന്നതെന്ന കുറിപ്പും തമ്പാന്‍ എഴുതിയിരുന്നു.തമ്പാന്റെ മൂത്ത രണ്ടു മക്കളും ഇതേ രീതിയിലുള്ള ദുരിതജിവിതങ്ങള്‍ക്ക് ശേഷമാണ് മരണപ്പെട്ടത്. നേരത്തെ പട്ടികക്ക് പുറത്ത് പോയതിനാല്‍ ബെള്ളൂര്‍ സരോളിമൂലയിലെ ജാനുനായക് ആത്മഹത്യ ചെയ്തിരുന്നു. അധികൃതരുടെ നിഷേധ നിലപാടിന്റെ രണ്ടാമത്തെ രക്തസാക്ഷിയാണ് കാര്‍ത്തിക്. തമ്പാന്റെയും കുടുംബത്തിന്റെയും ആത്മഹത്യക്ക് ശേഷമായിരുന്നു മറ്റു പഞ്ചായത്തുകളിലുള്ള ദുരിതബാധിതരുടെ പട്ടിക പുറത്തിറക്കിയത് എന്നതും വസ്തുതയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മാനസിക വെല്ലുവിളി നേരിടേണ്ടുന്ന കുട്ടികള്‍ക്ക് പഠിക്കുന്നതിന് അവരുടെ മാനസീക ഉന്നമനവും ലക്ഷ്യം വെച്ചാണ് ബഡ്‌സ് സ്‌കൂളുകള്‍ തുടങ്ങിയത്. സ്‌കൂളുകളുടെ ഇന്നത്തെ അവസ്ഥ എന്താണ്. ദുരിതബാധിത പ്രദേശമായി കണ്ടെത്തിയ കാസര്‍കോട്ടെ 11 പഞ്ചായത്തുകളിലേക്കായി 8 ബഡ്‌സ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹ്യ ക്ഷേമ വകുപ്പ് മുന്‍കൈയെടുത്ത് നാല് വര്‍ഷം മുന്‍പാണ് ബഡ്‌സ് സ്‌കൂളുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. മാനസീക വെല്ലുവിളി നേരിടുന്നവര്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള പാഠശാല. എന്നാല്‍ തുടക്കത്തില്‍ ഒരു വര്‍ഷത്തേക്ക് നല്‍കിയ രജിസ്‌ട്രേഷന്‍ ഇതുവരെയായും പുതുക്കി നല്‍കിയിട്ടില്ലാത്തത് ഇതിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതാണ്. രജിസ്‌ട്രേഷന്‍ പുതുക്കാത്തതിനാല്‍ കുട്ടികള്‍ക്ക് ലഭിക്കേണ്ട ഗ്രാന്റുള്‍പ്പെടെ അന്യാമകുന്നു. ഒരോ വര്‍ഷവും കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും മതിയായ ജീവനക്കാരെ പോലും നിയോഗിക്കുന്നില്ല. സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ പല ബഡ്‌സ് സ്‌കൂളുകളും പഞ്ചായത്തുകളുടെ കമ്മ്യൂണിറ്റി ഹാളുകളിലാണ് പ്രവര്‍ത്തിക്കുന്നു.

12650386_977054489045116_468623223_n

ദുരിതബാധിതര്‍ക്ക് ചികിത്സാ നിഷേധവും ജപ്തിയും

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ലഭിക്കാത്ത മരുന്നുകള്‍ സ്വകാര്യ മേഖലയില്‍ നിന്നും വാങ്ങി നല്‍കുന്നതിന് പഞ്ചായത്ത് ഭരണസമിതികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ഇങ്ങനെ മരുന്ന നലല്‍കിയതിന്റെ ബില്ലുകള്‍ മാറാന്‍ സാധിക്കാത്തത് പല പഞ്ചായത്തുകളും പ്രതിസന്ധിയിലായത്. ണ്ട്.
എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഉപയോഗഫലമായി തലമുറകള്‍ മാരക രോഗങ്ങള്‍ക്ക് അടിപ്പെടുമ്പോള്‍ നിര്‍ധനരായ കുടുംബങ്ങള്‍ ചികിത്സക്കായി നെട്ടോടമോടുകയായിരുന്നു. ബാങ്ക് വായ്പയെടുത്തും മറ്റും ചികിത്സ നടത്തിയ കുടുംബങ്ങള്‍ ഇന്ന് കടക്കെണിയെ അഭിമൂഖികരിക്കുന്നു. ദുരിതബാധിതരുടെ ചികിത്സക്കായി ബാങ്കുകളില്‍ നിന്ന് കടമെടുത്ത കുടുംബങ്ങള്‍ ഇന്ന് ജപ്തി ഭീഷണിയിലും്. വായ്പയ്ക്കായി ഈട് നല്‍കിയ വസ്തുക്കള്‍ ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്കുകള്‍ നോട്ടീസ് അയച്ചു തുടങ്ങിയത് ദുരിതബാധിത കുടുംബങ്ങളെ നിസാഹായാരാക്കുന്നു. കടങ്ങള്‍ എഴുതിതള്ളാമെന്ന സര്‍ക്കാരിന്റെ ഉറപ്പാണ് ഇവിടെ ജലരേഖയാകുന്നത്. വിഷമഴ പെയ്ത ഭൂമിയിലെ ദുരിത ജീവിതങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ പടര്‍ത്തുന്ന നടപടിയാണ് ഇപ്പോള്‍ ബാങ്കുകളും സ്വീകരിച്ചു വരുന്നത്. ജീവന്‍ നിലനിര്‍ത്തുന്നതിനായി നെട്ടോട്ടമോടിയ കുടുംബങ്ങള്‍ക്കായി വീടും കൈയില്‍ ആകെയുള്ള സ്വര്‍ണ്ണമുള്‍പ്പെടെ പണയം വെച്ചായിരുന്നു ചികിത്സ നടത്തിയിരുന്നത്. കടങ്ങള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം നീട്ടുമെന്നല്ലാതെ എഴുതിതള്ളുന്നത് സംബന്ധിച്ച നടപടികള്‍ ഉണ്ടാകുന്നില്ല. നോട്ടീസ് നല്‍കുന്നത് ഒഴിവാക്കി ചില ബാങ്ക് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ജപ്തി വിവരം അറിയിക്കുന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ദുരിതബാധിതയായി 2011 മെയ് അഞ്ചിന് മരണത്തിന് കീഴടങ്ങിയ പ്രജിതയുടെ ചികിത്സക്കായി വായ്പയെടുത്ത ബെള്ളൂരിലെ ശശിധരന ബാങ്ക് അധികൃതര്‍ രജിസ്റ്റേര്‍ഡ് നോട്ടീസ് വഴിയാണ് ജപ്തി വിവരം അറിയിച്ചത്. ഇങ്ങനെ ദുരിതത്തിന്റെ പടുകുഴിയില്‍ ജീവിക്കുന്ന ഒരു വിഭാഗത്തെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അര്‍ഹമായ അനുകൂല്യങ്ങള്‍പോലും നിഷേധിച്ച് കബളിപ്പിക്കുന്നത്. എത്രയോ തലമുറകളുടെ ആരോഗ്യകരമായ ജീവിതത്തിന് വിഘാതം സൃഷ്ടിച്ചുകൊണ്ടാണ് എന്‍ഡോസള്‍ഫാന്‍ എന്ന മാരകലായനി മനുഷ്യ ശരീരത്തെ ഇന്നീ കാണുന്ന പരുവത്തിലാക്കിയത്. ജീവിതത്തില്‍ ദുരിതംമാത്രം കൈമുതലുള്ള ഇരകള്‍ തങ്ങളുടെ ജീവിതാവകാശത്തിന് വേണ്ടിയാണിപ്പോള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധസമരം തുടരുന്നത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ ഇവരുടെ സമരകേന്ദ്രം സന്ദര്‍ശിക്കുകയുണ്ടായി. സോളാര്‍ കേസ് മാത്രം വാര്‍ത്തയാകുന്ന ഈ വേളയില്‍ മുഖ്യധാരാ മാധ്യമങ്ങളുടെ ഇടപെടല്‍ൂടി ഫലപ്രദമാകേണ്ടതുണ്ട്.

© 2024 Live Kerala News. All Rights Reserved.