കാണ്‍പൂര്‍: ഹിന്ദു യുവാക്കളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചെന്നാരോപിച്ച് ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ യുവാവിന്റെ മുടിയും പുരികവും മീശയും വടിപ്പിച്ചു. അവദേഷ് സവിത എന്നയാളാണ് ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദനത്തിന് ഇരയാക്കുകയും തെരുവിലൂടെ നടത്തിക്കുകയും ചെയ്തത്. ഹിന്ദുക്കളെ ഇയാള്‍ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിച്ചെന്നും ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു. മൂന്ന് ഹിന്ദു യുവാക്കളെ മിസാപൂര്‍ ജില്ലയിലെ കാച്‌വാഹ പള്ളിയില്‍ കൊണ്ടുപോയി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചെന്നുമാണ് ആരോപണങ്ങള്‍. അവദേഷിന്റെ വീട്ടിലെത്തിയ 200ഓളം പ്രവര്‍ത്തകര്‍ ഇയാളെ വീട്ടില്‍ നിന്നും ബലമായി പിടിച്ചിറക്കി മര്‍ദ്ദിക്കുകയുമായിരുന്നു. അതിന് ശേഷം മുടിയും പുരികവും മീശയും വടിച്ച് റോഡിലൂടെ നടത്തിക്കുകയും ചെയ്തു. ഇയാളെ ചെരുപ്പുമാല അണിയിക്കുകയും കഴുതപ്പുറത്ത് നടത്തിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അവദേഷിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും ബജ്‌രംഗ്ദള്‍ സംഘം അയാളെ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അവദേഷിനെ കസ്റ്റഡിയില്‍ എടുത്തു. അവദേഷിനും ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു.