മാനസികരോഗം മാറാന്‍ മന്ത്രവാദം; പണം തട്ടിയ സംഘത്തെ നാട്ടുകാര്‍ കയ്യോടെ പിടികൂടി

തിരുവനന്തപുരം: മാനസികരോഗിയായ ഇരുപത്തിമൂന്നുകാരനായ യുവാവിന്റെ രോഗം മന്ത്രവാദത്തിലൂടെ ഭേദമാക്കാമെന്നും പൂജയ്ക്കും മറ്റുമാായി ഒരു ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടവരെ നാട്ടുകാര്‍ പിടികൂടി. ചെന്നൈ സ്വദേശികളായ രണ്ടുപേരെയാണ് നാട്ടുകാര്‍ പൊലീസിലേല്‍പ്പിച്ചത്. ചെന്നൈ സ്വദേശികളായ സതീഷ് കുമാര്‍ (23),രാജ മൊയ്തീന്‍ (28) എന്നിവരെയാണ് പിടികൂടിയത്. ബാലരാമപുരം ശാലിഗോത്രത്തെരുവ് ഒറ്റത്തെരുവിലാണ് സംഭവം

50,000 രൂപ മുന്‍കൂറായി കൈപ്പറ്റിയ സംഘം രണ്ടുമാസം മുന്‍പും മന്ത്രവാദം നടത്തിയിരുന്നു. ബാക്കി കര്‍മ്മങ്ങള്‍ക്കായി വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവാവിന്റെ വീട്ടുകാര്‍ 30,000 രൂപ ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയെത്തിയ സംഘം മന്ത്രവാദം നടത്തിവരികയായിരുന്നു. ഇതിനിടെ 10,000 രൂപ കൂടി കൈപ്പറ്റുകയും ചെയ്തു. ദിവസങ്ങളായി ഭക്ഷണം ലഭിക്കാതെ കെട്ടിയിട്ട യുവാവ് അവശനിലയിലായതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞതും കഴിഞ്ഞദിവസം സംഘത്തെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു.

© 2024 Live Kerala News. All Rights Reserved.