എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കരണത്തുള്ള അടിയേറ്റ് നയതന്ത്ര വിദഗ്ധനായ ടി പി ശ്രീനിവാസന്‍ നിലത്ത് വീണു; ആഗോള വിദ്യാഭ്യാസ സംഗമത്തിനെതിരെയുള്ള സമരത്തിന്റ മറവിലാണ് എസ്എഫ്‌ഐയുടെ അഴിഞ്ഞാട്ടം;മാപ്പ് പറയാനുള്ള ചങ്കൂറ്റം കാണിച്ച് സിപിഎം

തിരുവനന്തപുരം: ആഗോള വിദ്യാഭ്യാസ സംഗമത്തിനെത്തിയ നയതന്ത്ര വിദഗ്ധനും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനുമായ ടി.പി ശ്രീനിവാസനെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ധിച്ചത്. കോവളത്ത് നടക്കുന്ന ആഗോള വിദ്യാഭ്യാസ സംഗമവേദി ഉപരോധിക്കാന്‍ എത്തിയ എസ്.എഫ്.ഐ പ്രവ്രര്‍ത്തകരാണ് ഇന്നുരാവിലെ ശ്രീനിവാസനെ കയ്യേറ്റം ചെയ്തത്. കരണത്തടിയേറ്റതിനെ തുടര്‍ന്ന് ശ്രീനിവാസന്‍ നിലത്തുവീണു.കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പുറത്തിറങ്ങി നടന്ന ടി.പി ശ്രീനിവാസനെ ഇവര്‍ സംഘം ചേര്‍ന്ന് കയ്യേറ്റം ചെയ്യുകയായിരുന്നു. പോലീസ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചതിനെ തുടര്‍ന്ന് ശ്രീനിവാസന്‍ മാറി നിന്നപ്പോള്‍ ഒരു പ്രവര്‍ത്തകന്‍ പാഞ്ഞെത്തി കരണത്തടിച്ചു. ഇതേ തുടര്‍ന്നാണ് ശ്രീനിവാസന്‍ നിലത്തുവീണത്. ആഗോളവിദ്യാഭ്യാസസംഗമം തടയുമെന്ന് നേരത്തെ എസ്.എഫ്.ഐ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പരിപാടിക്കെത്തേണ്ടതായിരുന്നെങ്കിലും പ്രതിഷേധങ്ങള്‍ മൂലം പൊതുപരിപാടികളെല്ലാം റദ്ദു ചെയ്ത സാഹചര്യത്തില്‍ അദ്ദേഹം എത്തിയിരുന്നില്ല. സ്ഥലത്ത് രാവിലെ എസ്.എഫ്.ഐക്കാര്‍ ഉപരോധം നടത്താനെത്തിയിരുന്നു. എസ്.എഫ്.ഐക്കാര്‍ ഇപ്പോഴും സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. മുന്‍ അംബാസഡറും അറിയപ്പെടുന്ന നയതന്ത്ര വിദഗ്ധനുമായ ടി.പി ശ്രീനിവാസനു നേരെയുള്ള കയ്യേറ്റത്തില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. എസ്എഫ്‌ഐയുടെ അഴിഞ്ഞാട്ടം തുടര്‍ന്നപ്പോഴും പൊലീസ് ഇടപെടല്‍ കാര്യക്ഷമമായിരുന്നില്ലെന്നാണ് ആക്ഷേപം. ടി.പി ശ്രീനിവാസന് നേരെ നടന്ന എസ്.എഫ്.ഐ യുടെ കൈയ്യേറ്റത്തില്‍ ക്ഷമ ചോദിക്കുന്നതായി സിപിഎം. ടി.പി ശ്രീനിവാസനെ പോലീസ് പ്രതിഷേധക്കാര്‍ക്കിടയിലേക്ക് കടത്തിവിട്ടത് മനപൂര്‍വമായിരുന്നെന്നും ശ്രീനിവാസന് വേണ്ട സംരക്ഷണം ഒരുക്കാന്‍ എന്തുകൊണ്ട് പോലീസ് തയ്യാറായില്ലെന്നും സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ ചോദിച്ചു. എസ്.എഫ്.ഐ ചെയ്ത തെറ്റിന് താന്‍ മാപ്പ് ചോദിക്കുന്നെന്നും ശ്രീനിവാസനെ പോലീസ് മാന്യമായി കൊണ്ടുപോകേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.