കുമളി സെയില്‍സ് ടാക്‌സ് ചെക്ക്‌പോസ്റ്റില്‍ കൈമടക്ക് കൊടുത്താല്‍ നികുതി വെട്ടിച്ച് പോകാം; മാഫിയക്ക് ഒത്താശ ചെയ്യാന്‍ ഇന്റലിജന്‍സിന്റെ കത്ത് ജില്ലാ ഭരണകൂടം പൂഴ്ത്തി

കുമളി: കുമളി സെയില്‍സ് ടാക്‌സ് ചെക്ക്‌പോസ്റ്റില്‍ കൈമടക്ക് കൊടുത്താല്‍ നികുതി വെട്ടിച്ച് പോകാം. മാഫിയക്ക് ഒത്താശ ചെയ്യാന്‍ ഉദ്യോഗസ്ഥരാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇന്റലിജന്‍സ് നല്‍കിയ കത്ത് ജില്ലാ ഭരണകൂടം പൂഴ്ത്തി. വേബ്രിഡ്ജില്‍ തകരാറുകള്‍ സൃഷ്ടിച്ചാണ് കുമളി ചെക്ക് പോസ്റ്റില്‍ തട്ടിപ്പ് അരങ്ങേറുന്നത്.

കുമളി ചെക്ക്‌പോസ്റ്റില്‍ നടക്കുന്ന തട്ടിപ്പുകള്‍ സംബന്ധിച്ച് ഇന്റലിജന്‍സ് എഡിജിപി 2014 നവംബര്‍ 13 ന് ജില്ലാ ഭരണകൂടത്തിന് നല്‍കിയ കത്തില്‍ ചെക്ക്‌പോസ്റ്റ് വേ ബ്രിഡ്ജ് 2009 മുതല്‍ പ്രവര്‍ത്തനരഹിതമായിട്ടും ഇത് പരിഹരിക്കാത്തത് ചെക്ക്‌പോസ്റ്റിലൂടെ കള്ളക്കടത്ത് നടത്തുന്നതിനു വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാധനങ്ങള്‍ കടത്തുന്നതിനായി മനപ്പൂര്‍വം വേ ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കാത്തതാണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നുവെന്നും ഇന്റലിജന്‍സ് എഡിജിപി കത്തില്‍ വ്യക്തമാക്കുന്നു. 2012 ജൂലൈ 15 ന് ലോറിയില്‍ കടത്തിക്കൊണ്ടുവന്ന ലക്ഷക്കണക്കിന് രൂപയുടെ അമോണിയം നൈട്രേറ്റ് പിടികൂടിയതോടെയാണ് വേബ്രിഡ്ജിന്റെ പ്രവര്‍ത്തനം നിലച്ചതു സംബന്ധിച്ച് പൊലീസ് ഇന്റലിജന്‍സ് അന്വേഷണം നടത്തിയത്. സര്‍ക്കാരിന് വന്‍ നികുതി നഷ്ടമുണ്ടാക്കുന്ന ഗുരുതരമായ ഈ കണ്ടെത്തല്‍ വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ ഭരണകൂടം തയ്യാറായിട്ടില്ല.

© 2024 Live Kerala News. All Rights Reserved.