സോളാര്‍ ഇടപാടില്‍ സര്‍ക്കാറിന് നഷ്ടമുണ്ടായില്ല; സരിതയെയും ശ്രീധരന്‍നായരയെും ഒരുമിച്ച് കണ്ടിട്ടില്ല; ഉമ്മന്‍ചാണ്ടിയുടെ സത്യവാങ്മൂലം ഇങ്ങനെ

തിരുവനന്തപുരം: സോളര്‍ ഇടപാടില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമില്ലെന്നും സരിതയെയും ശ്രീധരന്‍ നായരെയും ഒരുമിച്ച് കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
സാളര്‍ കമ്മിഷനു മുന്നില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക നഷ്ടമുണ്ടായെന്നത് പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനു മുന്നില്‍ മൊഴി നല്‍കാന്‍ ഉമ്മന്‍ചാണ്ടി നേരിട്ട് ഹാജരായി. സരിതയെ കണ്ടതായി നിയമസഭയില്‍ പറഞ്ഞ തീയതിയില്‍ പിശകുപറ്റി. ബിജു രാധാകൃഷ്ണന്‍ തന്നെ കണ്ടത് വ്യക്തിപരമായി പരാതി പറയാന്‍. ഉള്ളടക്കം വെളിപ്പെടുത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനു മുന്നില്‍ തെളിവെടുപ്പിന് ഹാജരാകേണ്ടി വരുന്നത്. രാവിലെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസിലാണ് കമ്മിഷന്‍ സിറ്റിംഗ്. സോളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിലേറിയ പങ്കും മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെയായിരുന്നു. മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണനും പ്രതിപക്ഷ നേതാക്കളും കമ്മിഷനു മുന്നില്‍ കൊടുത്ത മൊഴികളും മുഖ്യമന്ത്രിക്കെതിരായി. ഇതാണ് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാന്‍ സോളാര്‍ കമ്മീഷനെ പ്രേരിപ്പിച്ചത്.

© 2024 Live Kerala News. All Rights Reserved.