വില്ലുപുരം: കോളജില്‍ അടിക്കടി ഫീസ് വര്‍ധിപ്പിക്കുന്നുവെന്നും മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്ന മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. ആത്മഹത്യയെന്നാണ് പൊലീസിന്റ പ്രാഥമിക നിഗമനം. തമിഴ്‌നാട് എസ്‌വിഎസ് മെഡിക്കല്‍ കോളജിലെ മൂന്നു വിദ്യാര്‍ഥിനികളാണ് മരിച്ചത്. വില്ലുപുരത്തുള്ള എസ്‌വിഎസ് മെഡിക്കല്‍ കോളജിലെ ന്യൂറോപ്പതി ആന്‍ഡ് യോഗാ സയന്‍സിലെ വിദ്യാര്‍ഥിനികളെയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പിലാണ് ഫീസ് വര്‍ധനയും മാനസികപീഡനവും പറയുന്നത്. കോളജ് ചെയര്‍മാന്‍ വാസുകി സുബ്രഹ്മണ്യനെതിരെയും കുറിപ്പില്‍ പരാമര്‍ശമുണ്ട്. ചെയര്‍മാന്‍ പലതരത്തില്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി പെണ്‍കുട്ടികള്‍ പലതവണ മാനേജ്‌മെന്റിനു പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു വിധ നടപടികളുമെടുത്തില്ല. ഞങ്ങളുടെ ആത്മഹത്യയിലൂടെയെങ്കിലും ചെയര്‍മാനെതിരെ നടപടിയെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു. വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്.