പ്രധാനമന്ത്രിയെ വധിക്കാന്‍ ഐഎസ് കുട്ടിച്ചാവേറുകളെ ഉണ്ടാക്കുന്നു; റിപബ്ലിക് ദിനമാണ് ലക്ഷ്യം; ഭീകരാക്രമണസാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ റിപ്പബ്ലിക് ദിനത്തില്‍ കുട്ടികളെ ഉപയോഗിച്ച് ചാവേറക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 12 മുതല്‍ 15 വയസ്സുവരെ പ്രായം വരുന്ന ആണ്‍കുട്ടികളെ ഇതിന് ഉപയോഗിക്കാനാണ്് ഐഎസിന്റെ നീക്കമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കി. ഇതിനായി തയാറായിട്ടുള്ള കുട്ടികള്‍ ഇതിനകം തന്നെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടാകാമെന്നും പറയുന്നു. ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിക്കൊണ്ടുള്ള ഉത്തരവ് എസ്പിജിക്കും എന്‍സിആര്‍ യൂണിറ്റുകളിലും അയച്ചു. കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ മോഡി വിദ്യാര്‍ഥികളുമായി സംവദിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നീക്കത്തിന് ഭീകരര്‍ തയാറെടുത്തത്. എല്ലാ തരത്തിലുമുള്ള ആയുധങ്ങളും ബോംബുകളും ഉപയോഗിക്കുന്നതിന് പരിശീലനം നല്‍കിയിട്ടുള്ള കുട്ടികളെയാണ് ഇവര്‍ ദൗത്യത്തിനായി നിയോഗിക്കുന്നത്.

islamic-state-kids

രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മോദിയുടെ സുരക്ഷ ശക്തമാക്കി. റിപ്പബ്ലിക് ദിനത്തില്‍ ആരെയെങ്കിലും സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയാല്‍ അവരെ കസ്റ്റഡിയിലെടുക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഫ്രന്‍സ്വെ ഒലോന്‍ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവര്‍ക്കു നേരെ ആക്രമണമുണ്ടാകുമെന്നാണ് ഐഎസിന്റെ ഭീഷണി സന്ദേശം. എണ്‍പതിനായിരം ഡല്‍ഹി പൊലീസിനെയും 53 ബറ്റാലിയന്‍ സൈന്യത്തെയും വിന്യസിക്കുന്നതിന് പുറമെ പ്രധാനകേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പരേഡിന്റെ സമയം 90 മിനിറ്റാക്കി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഐഎസ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ഒരുക്കുക. കൂടാതെ രാജ്യത്തൊട്ടാകെ പരിശോധനകള്‍ കര്‍ശമാക്കും. സംശയമുള്ളവരെയൊക്കെ കസ്റ്റഡിയിലെടുക്കാനും നീക്കമുണ്ട്.

© 2024 Live Kerala News. All Rights Reserved.